വളരെ എളുപ്പത്തിൽ ചിക്കൻ കുറുമ! ഇത് കണ്ടാൽ ആരുടേയും വായിൽ ടൈറ്റാനിക് ഓടും
ഈ രീതിയിൽ ചിക്കൻ കുറുമ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും തയ്യാറാക്കി കഴിക്കേണ്ട ഒരു കറിയാണിത്. അപ്പത്തിന്റെയും, ചപ്പാത്തിയുടെയും, പത്തിരിയുടെയും, പൊറോട്ട, നെയ്‌ച്ചോറ് തുടങ്ങിയ എന്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് ഈ കുറുമ.
ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് രണ്ടു ഏലക്ക, രണ്ടു ഗ്രാമ്പു, ചെറിയ ഒരു കഷ്ണം പട്ട എന്നിവ ചേർക്കുക. ഇനി അതിലേക്ക് രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി നാലു പച്ചമുളക് നീളത്തിൽ കീറിയത് കൂടെ ചേർത്ത് വഴറ്റുക. പെട്ടന്ന് വഴന്നു കിട്ടുന്നതിന് വേണ്ടി അൽപ്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കണം.
ഇനി ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അൽപ്പം കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ കുരുമുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപൊടി എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ഇനി ഇതിലേക്ക് അര കിലോ കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർക്കുക. ഒരു ചെറിയ ഉരുളൻകിഴങ്ങ് തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കിയത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. ഹൈ ഫ്‌ളൈമിൽ അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും ചേർക്കുക.
ഇനി ഒരു തക്കാളി ചെറിയ കഷണങ്ങൾ ആക്കിയത്, അര സ്പൂൺ ഗരം മസാലയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി കുക്കർ അടച്ചു വച്ചു രണ്ടു വിസിൽ വരുന്നത് വരെ വേവിക്കണം. ഇനി കറിയിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കി എടുക്കണം. അതിനുവേണ്ടി ഒരു കപ്പ് തേങ്ങയിലേക്ക് രണ്ടു ചെറിയ ഉള്ളിയും, അര സ്പൂൺ പെരുംജീരകവും കൂടെ ചേർത്ത് നന്നായി അരച്ചു വക്കണം. ഇനി വെന്തു വന്ന കറിയിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് ഒന്നെ കാൽ സ്പൂൺ കുരുമുളക് പൊടിയും ഒരു വലിയ പിടി മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. അരപ്പ് ചേർത്താൽ പിന്നീട് അധികം തിളപ്പിക്കരുത്. ഒന്നു തിളച്ചു കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ കുറുമ തയ്യാർ..!
