ബിരിയാണി വച്ചു മെനക്കെടാൻ സമയമില്ലേ? ഇതാ വെറും 15 മിനിറ്റ് കൊണ്ടു തയ്യാറാക്കാവുന്ന ഒരു ഈസി കുക്കർ ബിരിയാണി
ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തിനിടയിൽ ആർക്കും ഒന്നിനും സമയമുണ്ടാകില്ല. പ്രത്യേകിച്ച് ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽ. വളരെ പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് എല്ലാവരും തയ്യാറാക്കി കൊണ്ടിരിക്കുന്നത്. അങ്ങിനെ സമയം തീരെ ഇല്ലാത്തവർക്ക് വേണ്ടി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ ബിരിയാണിയുടെ രുചിക്കൂട്ട് ആണ് താഴെ പറയുന്നത്.
ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് നാലു ടേബിൾ സ്പൂൺ നെയ്യും രണ്ടു ടേബിൾ സ്പൂൺ ഓയിലും കൂടി ചേർക്കുക. ശേഷം അതിലേക്ക് രണ്ടു കഷ്ണം പട്ട, അഞ്ചു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർക്കുക. അതിനുശേഷം രണ്ടു സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനു ശേഷം രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക.
ഇനി അതിലേക്ക് ഒരു തക്കാളിയും അൽപ്പം കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി അൽപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മണിക്കൂർ വച്ച ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി പാകത്തിന് ഉപ്പും, അൽപ്പം മല്ലിയിലയും, രണ്ടു ടേബിൾ സ്പൂൺ തൈരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് രണ്ടു കപ്പ് കഴുകി വൃത്തിയാക്കിയ അരി ചേർക്കുക. ഇനി ഒരു കപ്പ് അരിക്ക് മുക്കാൽ കപ്പ് വെള്ളം എന്ന രീതിയിൽ ഒന്നര കപ്പ് തിളച്ച വെള്ളം ചേർക്കുക. ഇനി കുക്കർ അടച്ചു വച്ചു ഒരു വിസിൽ വരുന്നതു വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം പ്രഷർ പോയ ശേഷം തുറന്നു അൽപ്പം മല്ലിയിലയും, പുതിനായിലയും ചേർത്ത് മിക്സ് ചെയ്തു ചൂടോടെ സെർവ് ചെയ്യാം.
