വായിൽ വെള്ളമൂറുന്ന വെളുത്തുള്ളി അച്ചാർ ഇങ്ങനെ തയ്യാറാക്കാം, ഏറെകാലം കേടുകൂടാതിരിക്കും
മലയാളികളുടെ ഭക്ഷണത്തിൽ അച്ചാറിന് വളരെയേറെ പ്രാധാന്യമുണ്ട്. സദ്യയ്ക്ക് അച്ചാർ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു അച്ചാർ ആണ്.
ഇത്, രുചികരമായ വെളുത്തുള്ളി അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
വെളുത്തുള്ളി 250 ഗ്രാം, കാശ്മീരി ചില്ലി പൗഡർ 4 ടേബിൾ സ്പൂൺ, ചെറുതായി അരിഞ്ഞ ഇഞ്ചി രണ്ട് ടേബിൾസ്പൂൺ , പച്ചമുളക് മൂന്നെണ്ണം, കടുക് ഒരു ടീസ്പൂൺ, വിനാഗിരി ആറ് ടേബിൾസ്പൂൺ, മഞ്ഞൾപൊടി അര ടീസ്പൂൺ, ഉലുവപ്പൊടി അര ടീസ്പൂൺ,കുറച്ചു മധുരത്തിനായി ശർക്കര അരടീസ്പൂൺ ചേർത്തുകൊടുക്കാം. അച്ചാർ ഉണ്ടാക്കാൻ ആയി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ വെളുത്തുള്ളി വഴറ്റിയെടുക്കുക. വെളുത്തുള്ളി കുത്തി നോക്കുമ്പോൾ ഏകദേശം പകുതി വേവാകുമ്പോൾ
എടുത്തുമാറ്റി വയ്ക്കാവുന്നതാണ്. ആ എണ്ണയിലേക്ക് തന്നെ കടുക് ഇട്ടു കൊടുക്കാം. കടുക് പൊട്ടി കഴിഞ്ഞാൽ കുറച്ച് കറിവേപ്പില ചേർക്കണം. അതിനുശേഷം പച്ചമുളകും, ഇഞ്ചിയും അതിലേക്ക് ചേർക്കാം. ഇനി ഇതെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കാം.
ഒരു പച്ച മണം മാറുമ്പോൾ മഞ്ഞൾപൊടി ഇട്ടുകൊടുക്കാം. അതിനുശേഷം ഉലുവപൊടി അതിലേക്ക് ചേർത്തു കൊടുക്കാം. ഇതെല്ലാം കൂടെ നന്നായി ഇളക്കി എടുക്കുക.ഇനി ചേർക്കേണ്ടത് കാശ്മീരി ചില്ലി പൗഡർ ആണ്. ഇത് നമുക്ക് എരുവിന് അനുസരിച്ച് ചേർത്തുകൊടുക്കാം. അതിനുശേഷം ഇവയെല്ലാംകൂടി നന്നായിട്ട് ഇളക്കിയെടുക്കുക. മധുരം വേണമെങ്കിൽ മാത്രം കുറച്ച് ശർക്കര ചേർക്കാം. ഇതൊന്നു മൂത്ത് വന്നു കഴിഞ്ഞാൽ ഇതിലേക്ക് വെളുത്തുള്ളി ചേർത്തുകൊടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു അച്ചാർ ആണ്. ഇനി ഇതിലേക്ക് ഉപ്പും കൂടെ ആവശ്യത്തിന് ചേർക്കുക. ഏറ്റവും അവസാനം ആണ് വിനാഗിരി ചേർക്കേണ്ടത്. വിനാഗിരി ചേർത്ത് കഴിഞ്ഞാൽ നമ്മുടെ അച്ചാർ റെഡി ആയി കഴിഞ്ഞിരിക്കുന്നു.
