മുത്തശ്ശിയുടെ രുചിക്കൂട്ടുമായി സ്വാദേറിയ മാമ്പഴപുളിശ്ശേരി തയ്യാറാക്കാം
നാട്ടു മാവിൽ നിന്ന് വീണുകിട്ടുന്ന മാമ്പഴം കൊണ്ട് ഉണ്ടാക്കിയ പുളിശ്ശേരിയോട് കിടപിടിക്കാൻ പറ്റില്ലെങ്കിലും മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴം കൊണ്ട് സ്വാദേറിയ പുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .കേരളത്തിനു പുറത്ത് താമസിക്കുന്നവർക്ക് വലിയ മാമ്പഴമാണ് കിട്ടുന്നതെങ്കിൽ അത് ചെറിയ പീസ് ആയി ഉപയോഗിച്ചാൽ മതി.
ചെറിയ മാമ്പഴം ഉണ്ടെങ്കിൽ ഒരു ആറെണ്ണം എടുക്കാം. മീഡിയം സൈസ് ആണെങ്കിൽ നാലെണ്ണം മതിയാവും.
നന്നായി പഴുത്ത മാമ്പഴം തൊലികളഞ്ഞ് ഉപ്പും രണ്ട് പച്ചമുളകും മഞ്ഞളും വെള്ളവും ചേർത്ത് വേവിക്കുക. ഒരു മൂന്നു മിനിറ്റ് തിളപ്പിക്കുക.തേങ്ങ ചിരകിയതും, ജീരകവും, ചെറിയ ഉള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക.തൊലി കളഞ്ഞ മാമ്പഴം ലൈറ്റ് ആയിട്ട് ഒന്ന് ഉടയ്ക്കണം. അപ്പോൾ കൂടുതൽ സ്വാദ് കിട്ടും .മാമ്പഴത്തിന് മധുരം കുറവാണെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം. മാമ്പഴത്തിലെ മധുരം അനുസരിച്ചും തൈരിന് പുളി അനുസരിച്ചുവേണം പഞ്ചസാര ചേർത്തു കൊടുക്കുവാൻ, ഇത് നന്നായി വെന്തു കഴിയുമ്പോൾ തേങ്ങ ചിരകിയതും, ജീരകവും, ചെറിയ ഉള്ളിയും അരച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതിനോടൊപ്പം ഉടച്ചു വച്ച തൈരും ഇതിലേക്ക് ഒഴിക്കാം .ആവശ്യത്തിനു വെള്ളവും ചേർക്കുക. അത്യാവശ്യം പുളിയുള്ള തൈരാണ് മാമ്പഴപുളിശ്ശേരി ഉണ്ടാക്കാൻ നല്ലത്. ലൈറ്റ് ആയിട്ട് ഒന്ന് തിളച്ചു വരുമ്പോൾ വാങ്ങി വയ്ക്കാം.
ഇനി കടുക് താളിക്കാൻ ആയി ഒരു ചീനച്ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉലുവ, 1ടീസ്പൂൺ കടുക്, രണ്ട് വറ്റൽ മുളക്, കറിവേപ്പില ഇവയിട്ട് ഇതു മൂത്ത് കഴിയുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടി മൂത്ത് പോവരുത്. ഇനി ഇതിനെ റെഡിയാക്കി വച്ചിരിക്കുന്ന പുളിശ്ശേരി യിലേക്ക് ചേർത്തുകൊടുക്കാം. അങ്ങനെ നാവിൽ വെള്ളമൂറും മാമ്പഴപുളിശ്ശേരി തയ്യാറായിക്കഴിഞ്ഞു.
