നേന്ത്രപ്പഴവും അവലും കൊണ്ട് ഒരു നാലുമണി പലഹാരം
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. കുട്ടികൾക്കൊക്കെ തീർച്ചയായും ഇത് ഇഷ്ടപ്പെടും. നേന്ത്രപ്പഴവും അവലും കൊണ്ട് ഉണ്ടാക്കുന്നതിനാൽ വളരെ ഹെൽത്തിയുമാണ്.
അതിനു വേണ്ടി ആദ്യം ശർക്കര പാനി ഉണ്ടാക്കാം. ഒരു പാനിൽ 2 ശർക്കര ഇട്ട് കാൽ കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. അത് ഉരുകിയാൽ അരിപ്പയിൽ അരിച്ചെടുക്കാം. ഇനി ഒരു പാനിൽ 1 ടീസ്പൂൺ പശുനെയ്യ് ഒഴിക്കുക. അത് ചൂടായാൽ 3 മിനിമം വലിപ്പമുള്ള നേന്തപ്പഴം തോല് കളഞ്ഞ് ചെറുതായി മുറിച്ചിടുക. നല്ല വലിപ്പമുള്ള പഴമാണെങ്കിൽ 2 എണ്ണം മതിയാകും. മീഡിയം ഫ്ലയ്മിൽ വാട്ടി എടുക്കാം. പിന്നെ അര കപ്പ് തേങ്ങ ചിരകിയത് പഴത്തിന്റെ മിക്സിൽ ഇട്ട് ഇളക്കുക.
ഇനി മുക്കാൽ കപ്പിൽ കുറവ് വെള്ള അവൽ ഇടണം. എന്നിട്ട് നന്നായി മിക്സാക്കുക. അവൽ സോഫ്റ്റായി വരണം. അവൽ സോഫ്റ്റാവാൻ 4 ടീസ്പൂൺ വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് ഉടയ്ക്കണം. ഇനി ഒരു ഫ്ലേവറിന് 1 ഏലക്കായ കുരുവോ പൊടിയോ ഇടുക. ഇനി മധുരത്തിന് നേരത്തെ തയ്യാറാക്കിയ ശർക്കര പാനി ഒഴിക്കാം. ശർക്കര പാനിയിൽ അവലും പഴവും ഒക്കെ ഒന്ന് മിക്സായി വരണം.
ഇനി ഫ്രൈ ചെയ്യുമ്പോൾ മിക്സ് ചെയ്യാനുള്ള മാവ് റെഡിയാക്കണം. അതിനായി ഒരു പാത്രത്തിൽ അര കപ്പ് മൈദപ്പൊടി ഇടുക. മൈദപ്പൊടിക്ക് പകരം ഗോതമ്പ് പൊടിയും എടുക്കാം. അതിൽ കുറച്ച് ഉപ്പും ഇട്ട് കുറേശെയായി വെള്ളവും ഒഴിച്ച് മിക്സ് ചെയ്യണം. കുറച്ച് ലൂസായ കൂട്ടാണ് ഇതിന് വേണ്ടത്.
ഇനി നമ്മൾ നേരത്തെ തയ്യാറാക്കിയ നേന്ത്രപ്പഴത്തിന്റെയും അവലിന്റെയും ഫില്ലിംഗ് കെയിൽ കുറച്ച് എണ്ണ തടവി ഉരുട്ടി എടുക്കുക. എന്നിട്ട് ചീനച്ചട്ടിയിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇനി മീഡിയം ഫ്ലയ്മിലാക്കി ഓരോ ഉരുളയും മൈദയുടെ മിക്സിൽ മുക്കി എണ്ണയിലിടുക. സ്പൂൺ കൊണ്ട് ഇളക്കി തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കാം.
