റവ കൊണ്ട് ഉണ്ടാക്കുന്ന ക്രിസ്പിയായ കൈപത്തിരി
പലതരം പത്തിരികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. മുട്ട പത്തിരി, ചട്ടി പത്തിരി, ഇറച്ചി പത്തിരി, മീൻ പത്തിരി എന്നിവ അവയിൽ ചിലതാണ്. ഇവിടെ റവ കൊണ്ട് ഉണ്ടാക്കുന്ന കൈ പത്തിരിയുടെ റെസിപ്പി ആണ് പറയുന്നത്.
അതിനായി ആദ്യം മിക്സിയുടെ ചെറിയ ജാറിൽ 1 കപ്പ് തേങ്ങയും 4 ചെറിയ ഉള്ളിയും അര ടീസ്പൂൺ ജീരകവും ഇടുക. എന്നിട്ട് ഒന്നു ക്രഷ് ചെയ്യണം. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് 2 കപ്പ് വെള്ളം ഒഴിക്കുക. ആവശ്യമായ ഉപ്പും കാൽ ടീസ്പൂൺ നെയ്യും ചേർത്ത് തിളപ്പിക്കണം. ഇനി അതിലേക്ക് 1 കപ്പ് പത്തിരിപ്പൊടിയും അര കപ്പ് റവയും ചേർത്ത് സ്പൂൺ കൊണ്ട് മിക്സാക്കുക. അതിൽ ക്രഷ് ചെയ്ത തേങ്ങയും ചേർക്കണം. അതും മിക്സാക്കി ഗ്യാസ് ഓഫ് ചെയ്ത് 10 മിനിട്ട് മൂടി വെയ്ക്കുക.
അപ്പോൾ അത് സോഫ്റ്റായി വരും, ചൂടും മാറിയിട്ടുണ്ടാകും. കൈയിൽ കുറച്ച് വെള്ളം നനച്ച് കുഴച്ചെടുക്കണം. എന്നിട്ട് അത്യാവശ്യം ചപ്പാത്തിയുടെ വലുപ്പത്തിൽ കട്ടിയുള്ള ഉരുളകൾ ആക്കാം.
എന്നിട്ട് കൈ വെച്ച് പരത്തി ഗ്ലാസോ മൂടിയോ വെച്ച് ഷേയ്പ്പാക്കി എടുക്കാം. ഇനി കടായിയിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിച്ച് തിളപ്പിച്ച് ഓരോന്നായി ഇടാം. എന്നിട്ട് രണ്ട് ഭാഗവും ഫ്രൈ ചെയ്തെടുക്കാം. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റാം. അരിപ്പൊടി ഉള്ളതു കൊണ്ട് ഉള്ള് നല്ല സോഫ്റ്റും റവയിട്ടതു കൊണ്ട് പുറത്ത് ക്രിസ്പിയും ആയിരിക്കും.
