തനി നാടൻ രുചിയിൽ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി
മീൻ പോലെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്ക മീനും. ഉണക്ക ചെമ്മീൻ കൊണ്ട് അടിപൊളിയായി ചമ്മന്തി പൊടി ഉണ്ടാക്കാം. അതുണ്ടെങ്കിൽ കഞ്ഞിക്കും ഊണിനുമൊക്കെ വേറെയൊന്നും വേണ്ടി വരില്ല. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആദ്യം ഉണക്ക ചെമ്മീൻ നന്നായി കഴുകി വെയ്ക്കുക. ഒരു പാൻ ചൂടാക്കി ഉണക്ക ചെമ്മീൻ അതിലിട്ട് നല്ലവണ്ണം വറുത്തെടുക്കണം. അത് ഡ്രൈ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.
ഇനി വേറൊരു പാനിൽ എണ്ണ ഒഴിക്കാതെ 8 വറ്റൽ മുളകും 6 ചെറിയ ഉള്ളിയും ഇട്ട് വറുത്തെടുക്കണം. പിന്നെ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള വാളൻ പുളി കഴുകി ഇതിൽ ഇടണം. പിന്നെ ഒന്നര കപ്പ് തേങ്ങ ചിരകിയത് കൂടി ചേർക്കണം. എന്നിട്ട് നന്നായി വറുക്കുക.തേങ്ങ ബ്രൗൺ നിറമാകുന്നതു വര വറുക്കണം.
ഇനി മിക്സിയുടെ ചെറിയ ജാറിൽ ഉണക്ക ചെമ്മീൻ ഇട്ട് പൊടിച്ചെടുക്കണം. അത് പൊടിച്ചാൽ തേങ്ങയും ഉള്ളിയും മുളകുമൊക്കെ വറുത്തത് അതിലിടാം. ഉണക്ക ചെമ്മീനിൽ ഉപ്പുള്ളതു കൊണ്ട് ഉപ്പ് നോക്കിയിട്ട് ചേർത്താൽ മതി. ഇനി എല്ലാം കൂടി പൊടിച്ചെടുക്കാം. ഇത് കുറേ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും.
