പലഹാരങ്ങള്‍

രാമശ്ശേരി ഇഡലി തയ്യാറാക്കുന്ന വിധം

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ രാമശ്ശേരി ഇഡലി ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

പൊന്നി അരി, ഉഴുന്ന്, കായം

തയ്യാറാക്കുന്ന വിധം

ഗ്യാസിലോ സ്റ്റൗവിലോ രാമശ്ശേരി ഇഡലിയുണ്ടാക്കാറില്ല. വിറകടുപ്പില്‍, വലിയ മണ്‍പാത്രത്തില്‍ വെള്ളം തിളപ്പിച്ചാണ് ഇഡലിക്ക് ആവി കയറ്റുന്നത്. ഇന്ന് മണ്‍പാത്രങ്ങള്‍ക്ക് പകരം അലുമിനിയപാത്രവും ഉപയോഗിക്കുന്നുണ്ട്. കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ചെറിയ മണ്‍ പാത്രത്തിന്റ് വായ ഭാഗത്ത് തുണി വിരിച്ച് അതില്‍ ഇഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍ പാത്രം കൊണ്ട് അതിനെ അടച്ചു മൂടി ആവിയില്‍ പുഴുങ്ങിയാണ് രാമശ്ശേരി ഇഡലിയെന്ന രുചിവൈവിദ്ധ്യം നിര്‍മ്മിച്ചെടുക്കുന്നത്. അടുപ്പില്‍ പുളി മരത്തിന്റെ വിറക് മാത്രമേ പാചകത്തിന് ഉപയോഗിക്കാറുള്ളു. ഇഡലി നിര്‍മ്മിക്കാനുപയോഗിക്കുന്ന അരിക്കുമുണ്ട് പ്രത്യേകത. പൊന്നി അരിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. കഴാമ , തവള കണ്ണന്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.

ഇഡലി നിര്‍മ്മാണത്തിനായി ഉഴുന്ന് മൂന്നു മണിക്കൂറും അരി ഒരു മണിക്കൂറുമാണ് കുതിര്‍ക്കുന്നത്. രണ്ടു ചേരുവകളും പ്രത്യേകം അരച്ചെടുത്ത ശേഷം നന്നായി കൂട്ടി യോജിപ്പിച്ച് 4 മണിക്കൂറോളം പുളിയ്ക്കാന്‍ വെയ്ക്കും. ഉഴുന്ന് അരയ്ക്കുമ്പോള്‍ ഒരു നുള്ള് കായം കൂടി ചേര്‍ക്കും. ഈ ഇഡലി സാധാരണ ഇഡലിയില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. നന്നായി പരന്നതും വട്ടത്തിലുമാണ് ഇതിന്റെ രൂപം. ഇഡലിക്ക് നല്ല മാര്‍ദ്ദവവും രുചി അനിര്‍വചനീയവുമായിരിക്കും.ഇഡലിയുടെ കൂടെ എരിവുള്ള ചമ്മന്തിപ്പൊടിയുംപ ലഭിക്കുന്നു. ഈ ചമ്മന്തിപ്പൊടി വെളിച്ചെണ്ണയൊഴിച്ച് കുഴച്ച് ഇഡലിക്കൊപ്പം കഴിക്കണം. അരി വറുത്തെടുത്ത് കുരുമുളക് , ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവയുമായി ചേര്‍ത്ത് പൊടിച്ചാണ് ഈ ചമ്മന്തിപ്പൊടി തയ്യാര്‍ ചെയ്യുന്നത്.

ഈ ഇഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. മാത്രമല്ല ഈ ഇഡലി രാമശ്ശേരിയില്‍ നിന്നല്ലാതെ മറ്റൊരിടത്ത് നിന്നും കിട്ടുകയുമില്ലെന്ന പ്രത്യേകതയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close