ഇതാ വെറൈറ്റി ആയൊരു സെമോലിന ടൊമാറ്റോ ഉപ്പുമാവും നിലക്കടല ചട്ണിയും

എപ്പോഴും ഒരേ തരത്തിലുള്ള പ്രഭാത ഭക്ഷണം കഴിച്ച് മടുത്തവർക്ക് വെറൈറ്റി ആയൊരു വിഭവം. ഈസിയായി ചെയ്യാവുന്ന ഒരു പ്രഭാത ഭക്ഷണമാണിത്. ഇതെങ്ങനെ തയ്യാറാക്കുന്നു എന്നു നോക്കാം. ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കാൽ ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടുമ്പോൾ കാൽ ടീസ്പൂൺ ജീരകവും ഇട്ട് ഇളക്കുക. ഇനി 1 ടീസ്പൂൺ ഉഴുന്ന് പരിപ്പും ഇട്ട് നിറം മാറുമ്പോൾ അഞ്ചോ എട്ടോ അണ്ടിപരിപ്പ് ഇടുക.

എന്നിട്ട് ഇളക്കി 1 ടീസ്പൂൺ ഇഞ്ചി മുറിച്ചതും കുറച്ച് കറിവേപ്പിലയും ഇടണം. എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും 3 പച്ചമുളക് ചെറുതായി മുറിച്ചതും ഇട്ട് വഴറ്റുക. ഇനി കാൽ കപ്പ് സവാള അരിഞ്ഞതും ഒരു നുള്ള് കായപ്പൊടിയും ഇട്ട് വഴറ്റണം. ശേഷം 2 കപ്പ് തക്കാളി അരിഞ്ഞത് ഇട്ട് ടീസ്പൂൺ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. തക്കാളിയൊക്കെ നല്ലവണ്ണം ഉടഞ്ഞാൽ 3 കപ്പ് ചൂട് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വെയ്ക്കണം.

ഇനി 1 കപ്പ് വറുത്ത റവ കുറേശ്ശെയായി ചേർക്കണം. മീഡിയം ഫ്ലയ്മിൽ വെച്ച് വേവിക്കണം. അത് കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം. വെന്താൽ ഗ്യാസ് ഓഫ് ചെയ്യാം. എന്നിട്ട് ചൂടാറാൻ വെയ്ക്കാം.

ഇനി നിലക്കടല ചട്ണി തയ്യാറാക്കാം. അതിനായി ഒരു പാനിൽ 1 കപ്പ് നിലക്കടല റോസ്റ്റ് ചെയ്യുക. അത് റോസ്റ്റായാൽ ഒരു പാത്രത്തിലിടുക. ഇനി വേറൊരു പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ 1 സവാള മുറിച്ചത് 2 മിനിട്ട് നേരം വഴറ്റുക. ലോ ഫ്ലയ്മിൽ വെച്ച് 2 വറ്റൽ മുളക് മുറിച്ചതും ഇട്ട് ഇളക്കണം. അതിലേക്ക് അര ഇഞ്ച് ഇഞ്ചി മുറിച്ചതും 5 വെളുത്തുള്ളിയും ഇടുക. കൂടാതെ അര ടീസ്പൂൺ ജീരകവും 1 ചെറിയ തക്കാളി ചെറുതാക്കി അരിഞ്ഞതും ചേർക്കണം. ഇത് അടച്ച് വെച്ച് വേവിക്കുക. വെന്താൽ ഗ്യാസ് ഓഫ് ചെയ്യാം.

ഇനി ഇത് ചൂടാറിയാൽ ജാറിലിടുക. കൂടാതെ വറുത്ത് വെച്ച കടല തോട് മാറ്റി കുറച്ച് ഉപ്പും ചേർത്ത് കാൽ കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് ഫൈനായി അരയ്ക്കുക. ഇനി അടുപ്പിൽ ചീനച്ചട്ടി വെച്ച് 1 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കാൽ ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടുമ്പോൾ 1 ടീസ്പൂൺ കടലപരിപ്പും 1 ടീസ്പൂൺ ജീരകവും ഇട്ട് ഇളക്കുക. പിന്നെ 2 വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി ചട്ണിയിൽ ഒഴിക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →