ക്രിസ്പിയായ ഹോം മെയ്ഡ് പൊട്ടാറ്റോ ചിപ്സ്
ഉരുളക്കിഴങ്ങ് നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പച്ചക്കറിയാണ്. ഉരുളക്കിഴങ്ങിന്റെ രുചി ഇഷ്ടപ്പെടാത്തവരും കുറവാണ്. ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാൽ രോഗികൾക്കും കുട്ടികൾക്കും ഇത് കഴിക്കുന്നത് നല്ലതാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഹെൽത്തിയായി പൊട്ടാറ്റോ ചിപ്സ് വീട്ടിൽ നിന്ന് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
അതിനായി അര കിലോ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് തണുത്ത വെള്ളവും എടുക്കണം. ഇനി ഒരു ഗ്രേറ്റർ എടുത്ത് അതിന്റ നീളത്തിൽ കട്ടിംഗ് ഉള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് വെച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. അത് തണുത്ത വെള്ളത്തിലേക്ക് അരിഞ്ഞിട്ടുക.
10 മിനിട്ടോളം ഇത് വെളളത്തിൽ ഇട്ട് രണ്ട് മൂന്ന് തവണ കഴുകാം. എന്നിട്ട് അതിലെ വെളളം മാറാനായി ഒരു കോട്ടൺ തുണിയിൽ ഇടാം. ഇനി ഒരു ചെറിയ ബൗളിൽ കാൽ കപ്പ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പിട്ട് മിക്സ് ചെയ്ത് എടുത്ത് വെയ്ക്കുക.
ഇനി ഗ്യാസ് ഓണാക്കി ചീനച്ചട്ടി വെച്ച് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. അത് തിളയ്ക്കുമ്പോൾ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കുറേശ്ശെയായി ഇടുക. അതിട്ട് 2 മിനിട്ട് കഴിഞ്ഞ ഉടനെ അര ടീസ്പൂൺ ഉപ്പ് വെള്ളം കുടയണം. എന്നിട്ട് സ്പൂൺ കൊണ്ട് ഇളക്കി ഫ്രൈ ചെയ്ത് കോരി എടുക്കാം. സ്പൈസി ആയിട്ടാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ കുറച്ച് കാശ്മീരി മുളകുപൊടി ഇട്ട് മിക്സ് ചെയ്യാം. അങ്ങനെ ക്രിസ്പിയായ പൊട്ടാറ്റോ ചിപ്സ് തയ്യാറായി.
