ഇനി നാലുമണി പലഹാരമായി അടിപൊളി ചോക്ലേറ്റ് കേക്ക്
ഇനി വീട്ടിൽ തന്നെ ഉള്ള ആഘോഷങ്ങളായ പിറന്നാൾ, സൽക്കാരം തുടങ്ങിയവയ്ക്ക് തയ്യാറാക്കാൻ പറ്റിയ ചോക്ലേറ്റ് കേക്കിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ചോക്ലേറ്റ് കേക്ക് തന്നെ പല തരമുണ്ട്. നല്ല ടേസ്റ്റിയും സോഫ്റ്റായതുമായ ഇത് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
അതിനായി ആദ്യം പൊടികളൊക്കെ മിക്സ് ചെയ്യാം. ഒരു പാത്രത്തിൽ 1 കപ്പ് മൈദയും ഒന്നര ടേബിൾ സ്പൂൺ കൊക്കോ പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും 1 ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്ത് ഒരു അരിപ്പയിൽ അരിച്ചെടുക്കണം. 2 -3 തവണ അരിക്കണം. എന്നാൽ മാത്രമേ സോഫ്റ്റായ കേക്ക് കിട്ടുകയുള്ളൂ.
അരിച്ചെടുത്ത പൊടി നന്നായി മിക്സ് ചെയ്യുക. ഇനി കേക്ക് സെറ്റ് ചെയ്യേണ്ട പാത്രമെടുക്കുക. 6 ഇഞ്ചിന്റെ ടിന്നുണ്ടെങ്കിൽ അതെടുക്കാം. അതിൽ മുക്കാൽ ടീസ്പൂൺ ഓയിൽ തടവുക. കുറച്ച് മൈദപ്പൊടി അതിലിട്ട് ഒന്നു ടാപ് ചെയ്യുക.
എന്നിട്ട് ഒരു പാതത്തിൽ തണുപ്പില്ലാത്ത 2 മുട്ട ഒഴിക്കുക. അതിൽ മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര ഇട്ട് ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. ഒരേ ഭാഗത്തേക്ക് തന്നെ ഇത് ബീറ്റ് ചെയ്യുക. മുട്ട നന്നായി പതഞ്ഞ് വന്നാൽ 1 ടീസ്പൂൺ വാനില എസെൻസ് ചേർക്കണം. പിന്നെ കാൽ കപ്പ് ഓയിൽ കൂടി മിക്സ് ചെയ്യണം.
ഇനി അതിലേക്ക് അരിച്ച് വെച്ച പൊടികൾ ചേർക്കാം. എന്നിട്ട് ഒരു ഭാഗത്തേക്ക് തന്നെ നല്ല വണ്ണം മിക്സ് ചെയ്യാം. എന്നിട്ട് 1 ടേബിൾ സ്പൂൺ പാൽ ഒഴിച്ച് യോജിപ്പിക്കുക. ഇനി സ്പൂൺ കൊണ്ട് മിക്സാക്കുമ്പോൾ തട്ട് തട്ട് പോലെ വീഴുന്നുണ്ടോ എന്ന് നോക്കുക. ഇനി മിക്സ് സെറ്റ് ചെയ്ത ടിന്നിലേക്ക് ഒഴിക്കുക. എന്നിട്ട് ടാപ് ചെയ്യുക.
ഇനി ഇത് കുക്ക് ചെയ്യുന്നതിന് മുമ്പ് പാത്രം 10 മിനിട്ട് മുൻപ് പ്രീ ഹീറ്റ് ചെയ്യണം. ഉള്ളിൽ ഒരു തട്ട് വെച്ച് ലോ ഫ്ലേയ്മിൽ ചൂടാക്കണം. എന്നിട്ട് കേക്കിന്റെ ടിൻ വെച്ച് മൂടി വെയ്ക്കാം. മൂടിയിൽ ഹോൾസുണ്ടെങ്കിൽ അത് ഫോർക്ക് കൊണ്ട് അടയ്ക്കണം. എന്നിട്ട് 45 മിനിട്ട് ബേക്ക് ചെയ്യാം.
4 മിനിട്ട് ആകുമ്പോഴേക്കും ഒരു സ്ക്യൂവർ കൊണ്ടോ മറ്റോ കുത്തി വെന്തോ എന്നു നോക്കാം. അതിൽ ഒട്ടിപിടിച്ചിട്ടില്ലെങ്കിൽ കേക്ക് ബേക്ക് ആയിട്ടുണ്ടാകും. ഇനി ഇത് തണുത്ത ശേഷം ഒരു കത്തി കൊണ്ട് വശങ്ങളിൽ ഇളക്കി ഒരു പ്ലേറ്റിലേക്ക് കമഴ്ത്താം. അങ്ങനെ നല്ല സ്പോഞ്ചിയും സോഫ്റ്റിയുമായ ചോക്ലേറ്റ് കേക്ക് റെഡിയായി.
