മുട്ട റോസ്റ്റ് ഇനി വ്യത്യസ്തമായ രുചിയിൽ

എളുപ്പത്തിൽ നിരവധി വിഭവങ്ങൾ മുട്ട കൊണ്ട് തയ്യാറാക്കാം. അത്തരത്തിൽ ഒന്നാണ് മുട്ട റോസ്റ്റ് . തികച്ചും വ്യത്യസ്തമായി എരിവ് മുന്നിട്ട് നിൽക്കുന്ന ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഇവിടെ 2 മുട്ടയാണ് എടുക്കുന്നത്. അത് പുഴുങ്ങി വെയ്ക്കണം. ആദ്യം ഒരു പാൻ ചൂടാക്കി ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും 4 അല്ലി വെളുത്തുള്ളി മുറിച്ചതും കൂടി ഇട്ട് വഴറ്റുക.

പിന്നെ ലോ ഫ്ലേയ്മിലിട്ട് 3 സവാള നൈസായി അരിഞ്ഞതും ഇട്ട് വഴറ്റുക. കുറച്ച് ഉപ്പും ചേർത്ത് ഇളക്കുക. ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് അതിന്റെ പച്ചമണം മാറുന്നതു വരെ വഴറ്റണം. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ ഗരംമസാലയും കൂടി ഇട്ട് മിക്സ് ചെയ്യുക.

ഒരു ചെറിയ തക്കാളിയോ വലിയ തക്കാളിയുടെ പകുതിയോ ചെറുതായി നുറുക്കി ഇടുക. അത് നന്നായി ഇളക്കി വെന്ത് ഉടയുന്ന വരെ വഴറ്റണം. എന്നിട്ട് എരിവിന് 4 പച്ചമുളക് നീളത്തിൽ കീറി ഇടണം. പച്ചമുളകിന്റെ നിറം മാറാതിരിക്കാനാണ് അവസാനമായി അത് ചേർക്കുന്നത്.

ഇനി അര മുറി തേങ്ങ ചിരകിയത് പിഴിഞ്ഞ് അതിന്റെ പാൽ എടുക്കുക. നല്ല കട്ടിയുള്ള പാലാണ് വേണ്ടത്. അത് മസാലയിലേക്ക് ഒഴിക്കുക. കുറച്ച് വെള്ളവും ചേർക്കാം. അത് തിളയ്ക്കുമ്പോൾ ഉപ്പുണ്ടോ നോക്കി ഉപ്പിടാം.

എന്നിട്ട് വേവിച്ചു വെച്ച മുട്ട ചേർക്കാം. മുട്ടയ്ക്ക് വര വെച്ച് ഇട്ടാൽ അതിൽ നന്നായി മസാല പിടിച്ചു കൊള്ളും. ഇനി ഒരു ചെറിയ മധുരത്തിന് വേണ്ടി കാൽ ടീസ്പൂൺ പഞ്ചസാര ഇടാം. എന്നിട്ട് മിക്സാക്കി കുറച്ച് കറിവേപ്പിലയും അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് മിക്സ് ചെയ്ത് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts