മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുമ്പളങ്ങ മോര് കറി ഈ ചേരുവയിൽ തയ്യാറാക്കിയാൽ കിടിലൻ രുചിയാണെ
മോര് കൂട്ടി ഊണ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. ദഹനത്തിന് സഹായിക്കുന്ന ഏറ്റവും നല്ല പാനീയമാണ് മോര് . മോര് കാച്ചിയത്, മോര് കറി, കാളൻ, സംഭാരം എന്നീ പല തരത്തിലും നമ്മൾ മോര് ഉപയോഗിക്കാറുണ്ട്. ഇന്നിവിടെ മോര് കറിയുടെ റെസിപ്പിയാണ് പറയുന്നത്.
200 ഗ്രാം കുമ്പളങ്ങ തോലും കുരുവും കളഞ്ഞ് ചെറിയ കഷണമായി മുറിച്ചിടുക. എന്നിട്ട് കഴുകി വെയ്ക്കണം. ഇനി ഒരു പാത്രത്തിൽ 250 ml ന്റെ അളവിന് ഒരു കപ്പ് വെള്ളം ഒഴിച്ച് തിളച്ച് വരുമ്പോൾ മുറിച്ച് വെച്ച കുമ്പളങ്ങ ഇട്ട് 3 പച്ചമുളകും ഇടുക. ഇനി മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ച് വെച്ച് വേവിക്കണം. ഇത് കുക്കറിലാണ് വേവിക്കുന്നതെങ്കിൽ 2 വിസിൽ വെച്ചാൽ വേവും.
ഇനി മോര് കറിക്കുള്ള അരപ്പ് റെഡിയാക്കാം. മിക്സിയുടെ ജാറിൽ അര കപ്പ് തേങ്ങ ചിരകിയതും 3 ചെറിയ ഉള്ളിയും 2 പച്ചമുളകും 3 നുള്ള് ജീരകവും കുറച്ച് കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ഫൈനായി അരയ്ക്കാം.
ഇനി കുമ്പളങ്ങ കഷണങ്ങൾ വെന്താൽ ലോ ഫ്ലയ്മിലാക്കി അരപ്പ് ചേർക്കാം. അരപ്പ് ചേർത്ത് തിളച്ചാൽ ഗ്യാസ് ഓഫ് ചെയ്യാം. 5 മിനിട്ട് കഴിഞ്ഞ് മോര് ഒഴിക്കാം. മോര് ഒഴിക്കുന്ന സമയത്ത് കറി ഇളം ചൂടുണ്ടാവണം. ഇനി മോരിന് പകരം തൈരാണ് ഒഴിക്കുന്നതെങ്കിൽ കുറച്ച് വെളളം ഒഴിച്ച് മിക്സിയിൽ ഒന്നടിച്ചിട്ട് ഒഴിച്ചാൽ മതി. മോര് ഒഴിച്ചാൽ അധിക സമയം അടുപ്പത്ത് വെയ്ക്കാതെ കറി ചെറുതായി തിളക്കുമ്പോൾ വാങ്ങി വെയ്ക്കാം. ഈ സമയത്ത് ഉപ്പ് ആവശ്യത്തിന് ചേർക്കാം.
ഇനി കടുക് താളിക്കണം. ഒരു ചെറിയ പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടുമ്പോൾ അര ടീസ്പൂൺ ഉലുവ ഇടണം. ഉലുവയുടെ നിറം മാറുമ്പോൾ 4 ചെറിയ ഉള്ളി അരിഞ്ഞത് ഇടാം. എന്നിട്ട് വഴറ്റി കുറച്ച് കറിവേപ്പിലയും ഇട്ട് 2 വറ്റൽ മുളകും മുറിച്ചിടണം. ഇനി ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം. ഈ കറി ചൂടോടെ കഴിക്കാനും പിറ്റേ ദിവസം കഴിക്കാനും നല്ല രുചിയായിരിക്കും.
