എളുപ്പത്തിൽ കൊതിയൂറും രുചിയിൽ ചെമ്മീൻ അച്ചാർ

ചെമ്മീൻ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ നാവിൽ വെള്ളമൂറും. ചോറിന്റെ കൂടെ കഴിക്കാൻ ചെമ്മീൻ കൊണ്ട് അടിപൊളി ടേസ്റ്റിൽ അച്ചാർ ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ഇത് ഒരുപാട് നാൾ കേടുകൂടാതെ സൂക്ഷിക്കാനും പറ്റും.

അതിനായി 1 കിലോ ചെമ്മീൻ വൃത്തിയായി കഴുകി വെയ്ക്കുക. ചെറിയ ചെമ്മീൻ അച്ചാറിട്ടാലും ടേസ്റ്റുണ്ടാകും. ഇതിൽ കുറച്ച് മുളക് പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അത് മസാല പിടിക്കാനായി വെയ്ക്കുക. ഇത് ഫ്രിഡ്ജിൽ 1 മണിക്കൂറോ 2 മണിക്കൂറോ വെയ്ക്കുന്നെങ്കിൽ അങ്ങനെ വെയ്ക്കാം. പിന്നെ കുറച്ച് ഇഞ്ചിയും 3 വെളുത്തുള്ളിയും ആവശ്യത്തിന് പച്ചമുളകും മുറിച്ച് വെയ്ക്കണം. ഇനി 2-3 വറ്റൽ മുളകും മുറിച്ച് വെയ്ക്കാം.

ഇനി മസാല പിടിക്കാൻ വെച്ച ചെമ്മീൻ ഫ്രൈ ചെയ്യാം. അതിനായി ഒരു പാനിൽ ഫ്രൈ ചെയ്യാനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കണം. അത് തിളച്ച് വരുമ്പോൾ ചെമ്മീൻ ഇടാം. രണ്ട് ഭാഗവും ഫ്രൈ ചെയ്യാം. ഇങ്ങനെ എല്ലാം ഫ്രൈ ചെയ്തെടുക്കാം.

ഇനി മസാല പേസ്റ്റുണ്ടാക്കാം. അതിന് ഒരു ബൗളിൽ രണ്ടര ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ സ്പൂണിൽ കുറവ് കായപ്പൊടിയും കുറച്ച് വെള്ളം ചേർത്ത് മിക്സാക്കി വെയ്ക്കുക.

ചെമ്മീൻ ഫ്രൈ ചെയ്ത വെളിച്ചെണ്ണ അടുപ്പത്ത് വെച്ച് ചൂടാക്കി 1 സ്പൂൺ കടുക് ഇടാം. അത് പൊട്ടിയാൽ അര ടീസ്പൂൺ ഉലുവയും ഇടാം. ഉലുവയുടെ നിറം മാറിയാൽ വെളുത്തുള്ളി നീളത്തിൽ മുറിച്ചത് ഇടാം. എന്നിട്ട് 2 മിനിട്ട് വഴറ്റണം. ഇനി മുറിച്ച് വെച്ച ഇഞ്ചിയും പച്ചമുളകും വറ്റൽ മുളകുമൊക്കെ ഇട്ട് വഴറ്റാം. കുറച്ച് കറിവേപ്പില കൂടി മുറിച്ച് ഇതിൽ ഇടാം. എല്ലാം കൂടി ഒരു ഗോൾഡൻ നിറമാവുമ്പോൾ നേരത്തെ തയ്യാറാക്കിയ പേസ്റ്റ് 2 ടീസ്പൂൺ ഇട്ട് ഇളക്കണം. ഇത് ഇളക്കി 7 മിനിട്ട് കഴിഞ്ഞാൽ ഒരു നുള്ള് കായപ്പൊടി ഇടാം. എന്നിട്ട് മിക്സാക്കുക. അപ്പോഴേക്കും എണ്ണയൊക്കെ തെളിഞ്ഞ് വരും. ഇനി വേണമെങ്കിൽ കാൽ ടീസ്പൂൺ പഞ്ചസാര ഇട്ട് ഇളക്കി ഫ്രൈ ചെയ്ത ചെമ്മീൻ ഇടാം. എന്നിട്ട് കാൽ ടീസ്പൂൺ വിനാഗിരി ഒഴിച്ച് യോജിപ്പിച്ച് വാങ്ങി വെയ്ക്കാം. ഇത് തണുത്താൽ ഒരു ഗ്ലാസ് കുപ്പിയിലോ ഭരണിയിലോ ഇട്ട് സൂക്ഷിച്ച് വെയ്ക്കാം.

Thanath Ruchi

Similar Posts