15 മിനിട്ട് കൊണ്ട് കിടിലൻ നേന്ത്രപ്പഴം ഹൽവ
ഹൽവയുടെ റെസിപ്പികൾ നമ്മൾ സാധാരണ ചെയ്യുന്നതാണ്. കുറേ സമയം എടുത്താണ് ഇത് ഉണ്ടാക്കാറ്. എന്നാൽ 15 മിനിട്ട് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കുന്ന ഹൽവ എങ്ങനെയെന്ന് നോക്കാം.
ഇതിനായി 1 കിലോ നല്ല പഴുത്ത നാടൻ നേന്ത്രപ്പഴം എടുക്കുക. അതിന്റെ തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. അത് മിക്സിയുടെ ജാറിലിട്ട് അര ഗ്ലാസ് വെള്ളം ഒഴിച്ച് അരയ്ക്കുക. ഇനി 250 ഗ്രാം ശർക്കര ഒരു പാത്രത്തിലിടുക.അതിൽ അര ഗ്ലാസ് വെള്ളം ഒഴിച്ച് ഉരുകാൻ വെയ്ക്കുക. അത് ഉരുകിയാൽ അരിച്ച് വെയ്ക്കണം.
ഇനി വേണ്ടത് കാൽ കപ്പ് കൂവപ്പൊടിയോ അല്ലെങ്കിൽ കോൺഫ്ലോറോ ആണ്. അത് രണ്ടും പകുതിയാക്കിയും എടുക്കാം. ഇവിടെ കൂവപ്പൊടി ആണ് എടുക്കുന്നത്. അതിൽ കുറച്ച് വെള്ളം ഒഴിച്ച് മിക്സാക്കാം. ഹൽവയുടെ മിക്സ് കട്ടിയാവുന്നത് ഇത് ചേർക്കുമ്പോഴാണ്.
ഇനി ശർക്കര ഉരുക്കിയ പാത്രത്തിൽ 2 ടീസ്പൂൺ നെയ് ഒഴിക്കുക. അത് ചൂടായാൽ നേന്ത്രപ്പഴത്തിന്റെ മിക്സ് ചേർക്കണം. അത് തിളയ്ക്കുമ്പോൾ കൂവപ്പൊടി മിക്സ് ഒഴിക്കാം. എന്നിട്ട് നല്ലവണ്ണം ഇളക്കണം. ഇനി അരിച്ചു വെച്ച ശർക്കര പാനി ഒഴിച്ച് മിക്സാക്കാം. എന്നിട്ട് 5 മിനിട്ട് കൂടി ഇളക്കുക. ഇനി ഒരു ഫ്ലേവറിന് വേണ്ടി 2 ഏലക്കായയും 1 ടീസ്പൂൺ ജീരകവും 1 കഷണം ചുക്കും 1 ടീസ്പൂൺ പഞ്ചസാരയും കൂടി പൊടിച്ചത് ഇടാം. ഇത് സെറ്റ് ചെയ്യാൻ 6 ഇഞ്ചിന്റെ കേക്ക് ടിന്നോ ഏതെങ്കിലും ഒരു പാത്രമോ നെയ് തടവി വെയ്ക്കണം.
ഇനി 1 ടീസ്പൂൺ പശുനെയ് കൂടി ചേർത്ത് ഇളക്കുക. വേണമെങ്കിൽ നിങ്ങൾക്ക് ഇതിൽ അണ്ടിപരിപ്പോ തേങ്ങാ കൊത്തോ ഒക്കെ ഇടാം. പാത്രത്തിൽ നിന്നും വിട്ടു വരുന്ന വിധത്തിലായൽ വാങ്ങി വെയ്ക്കാം. എന്നിട്ട് ടിന്നിലേക്ക് ഒഴിക്കാം. ഒരു മുക്കാൽ മണിക്കൂർ ഇത് തണുക്കാൻ വെയ്ക്കാം. എന്നിട്ട് പ്ലേറ്റിലേക്ക് കമഴ്ത്തുക. നന്നായി സെറ്റായി വന്നിട്ടുണ്ടാകും. ഇനി മുറിച്ചെടുക്കാം.
