അരിപ്പൊടിയും പാലും കൊണ്ട് ഈ മധുരം ഒന്നുണ്ടാക്കി നോക്കാം

അരിപ്പൊടി കൊണ്ട് ഒരുപാട് വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അരിപ്പൊടിയും പാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു മധുരത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

അതിനായി 1 കപ്പ് മിനുസമുള്ള അരിപ്പൊടി എടുക്കുക. വറുത്ത അരിപ്പൊടി എടുത്താൽ മതി. പിന്നെ 1 പാക്കറ്റ് പാലും നല്ല മധുരം വേണമെങ്കിൽ ആറര ടേബിൾ സ്പൂൺ പഞ്ചസാരയും മിനിമം മതിയെങ്കിൽ 5 ടേബിൾ സ്പൂണും എടുക്കാം.

ആദ്യം അരിപ്പൊടി കുഴച്ചെടുക്കണം. മുക്കാൽ കപ്പ് ഇളം ചൂട് വെള്ളത്തിൽ നൂൽ പുട്ടിനൊക്കെ കുഴയ്ക്കുന്നതു പോലെ കുഴച്ചെടുത്താൽ മതി. സോഫ്റ്റായി തന്നെ കുഴയ്ക്കണം. എന്നിട്ട് അതിൽ നിന്ന് കുറേശ്ശെ എടുത്ത് വളരെ ചെറുതായി ഷേയ്പ്പാക്കണം. അത് പാലിൽ വേവിക്കേണ്ടത് ആണ്. നിങ്ങൾ വലിയ ഷേയ്പ്പാക്കുന്നുണെങ്കിൽ അത് ആവിക്ക് വെച്ച് വേവിക്കേണ്ടി വരും.

ഇനി ഒരു പാത്രത്തിൽ പാൽ ഒഴിക്കുക. ഗ്യാസ് ഓണാക്കി അടുപ്പിൽ വെച്ച് ഇളക്കി തിളപ്പിക്കണം. പാൽ കുറുകി വരുമ്പോൾ അരിപ്പൊടിയുടെ ബോൾസ് പാലിൽ ഇടാം. പാത്രം ചരിച്ചിട്ട് ഇട്ടു കൊടുത്താൽ മതി. ഇത് ഇട്ടു കഴിഞ്ഞാൽ മുകളിൽ നിന്ന് ചെറുതായി ഇളക്കിയാൽ മതി.

ജീരകത്തിന്റെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ കാൽ ടീസ്പൂൺ ഇടാം. എന്നിട്ട് ഇളക്കണം. അപ്പോഴേക്കും അരിപ്പൊടിയുടെ ബോൾസ് വെന്ത് മുകളിൽ വരും. അപ്പോൾ അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ഇടാം. എന്നിട്ട് ഇളക്കണം. ഇത് നിങ്ങൾ ഗ്ലാസിൽ കുടിക്കുകയാണ് ചെയ്യുന്നതെങ്കിൽ അധികം കുറുക്കാതെ വാങ്ങി വെയ്ക്കാം. ബൗളിൽ കഴിക്കുന്നതാണെങ്കിൽ നന്നായി കുറുകിയെടുക്കാം.

ഈ മധുരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുന്നതാണ് രുചി കൂടുതലുണ്ടാവുക. തണുപ്പിക്കുമ്പോൾ മധുരം കുറയുന്നതിനാൽ പഞ്ചസാര ചേർക്കാം. അരിപ്പൊടിയുടെ ബോൾസിൽ മധുരം നന്നായി പിടിച്ച് വരണം. ഇനി ഇതിൽ അണ്ടിപരിപ്പോ മുന്തിരിയോ ഒക്കെ നെയ്യിൽ വറുത്ത് എടുക്കാം. ആ നെയ് കൂടി ഇതിൽ ഒഴിച്ചാൽ മതി. 1 ടീസ്പൂൺ നെയ് ചേർക്കുന്നുണ്ടെങ്കിൽ ചേർക്കുകയും ചെയ്യാം. അര ടീസ്പൂൺ ഏലയക്കാപ്പൊടി ഇട്ട് ഇളക്കി വാങ്ങി വെയക്കാം.

Thanath Ruchi

Similar Posts