സദ്യക്ക് ഇലയില്‍ വിളമ്പാന്‍ വെറൈറ്റിയായ വട കിച്ചടി

വ്യത്യസ്തമായ ഒരു വെജിറ്റേറിയന്‍ ഡിഷിന്‍റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. പുതിയ രുചികള്‍ തേടുന്നവര്‍ക്ക് ഈ റെസിപ്പി എന്തായാലും ഇഷ്ടപ്പെടും.കേരളീയ സദ്യയ്ക്ക് ഇലയില്‍ വിളമ്പാന്‍ പറ്റുന്ന ഒരു തൊടു കറിയാണ് വട കിച്ചടി.അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

ആദ്യം ചെറിയ വടകള്‍ ഉണ്ടാക്കാം.അതിനായി 1 കപ്പ് കടലപരിപ്പോ ചെറുപയര്‍ പരിപ്പോ വട പരിപ്പോ എടുക്കാം.അത് കഴുകി 4 വറ്റല്‍ മുളകും ഇട്ട് 2 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെയ്ക്കണം.2 മണിക്കൂര്‍ കഴിഞ്ഞാല്‍ വെളളമെല്ലാം മാറ്റണം.ഒട്ടും വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കണം.ഉരുളയാക്കുമ്പോള്‍ പൊട്ടിപോകാതിരിക്കാനാണ് നന്നായി അരയ്ക്കുന്നത്.

ഇതൊരു പാത്രത്തിലിട്ട് കുറച്ച് കറിവേപ്പിലയും 1 നുളള് കായപ്പൊടിയും 2 പച്ചമുളക് ചെറുതായി അരിഞ്ഞതും ഇടുക. പിന്നെ ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണും പെരിംജീരകം പൊടിച്ചത് കാല്‍ ടീസ്പൂണില്‍ പകുതിയും 1 ചെറിയ സവാള നുറുക്കി അരിഞ്ഞതും

ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കാം. എന്നിട്ട് അതില്‍ നിന്ന് കുറേശ്ശെ എടുത്ത് വളരെ ചെറിയ വണ്ണത്തില്‍ കൈയില്‍ വെച്ച് പരത്തി എടുക്കുക.ഇനി ചീനചട്ടിയില്‍ ഇത് ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വടയെല്ലാം ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

ഇനി കിച്ചടിയുടെ അരപ്പ് തയ്യാറാക്കാം.അതിനായി മിക്സിയുടെ ജാറില്‍ 1 കപ്പ് തേങ്ങയും അര ടീസ്പൂണ്‍ ജീരകം പൊടിച്ചതും ഇടുക.അതിലേക്ക് അര ഗ്ളാസ് വെളളവും ഒഴിച്ച് 4 ടേബിള്‍ സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് അരച്ചെടുക്കണം.പുളിയില്ലാത്ത തൈരാണ് എടുക്കേണ്ടത്.

എന്നിട്ട് പാനില്‍ ഈ അരപ്പ് ഒഴിക്കാം.അതില്‍ ആവശ്യത്തിന് ഉപ്പും 5 പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ട് തിളപ്പിക്കണം.ഇത് ലോ ഫ്ളെയ്മില്‍ വെച്ച് നന്നായി തിളപ്പിക്കണം.അല്ലെങ്കില്‍ തൈര് പിരിഞ്ഞ് പോകും. ഇനി വാങ്ങി വെയ്ക്കാം.

ഇതിന്‍റെ ചൂട് മാറിയാല്‍ അര കപ്പ് പുളിയില്ലാത്ത കട്ട തൈര് ഒഴിക്കണം.തൈര് നന്നായി ഉടച്ചൊഴിക്കണം. ഇതിനി ഒരു പാത്രത്തിലേക്ക് മാറ്റാം.എന്നിട്ട് വട ഇതിലേക്ക് ഇടാം.ഇനി കടുക് താളിക്കണം.അതിനായി ഒരു ചീനചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കുറച്ച് കടുകും വറ്റല്‍ മുളകും ഇടാം.എന്നിട്ട് കുറച്ച് കറിവേപ്പിലയും ഇട്ട് കിച്ചടിയിലേക്ക് ഒഴിക്കാം.

Thanath Ruchi

Similar Posts