ഇടിച്ചക്ക തോരൻ ഇതുവരെ കഴിക്കാത്ത രുചിയിൽ തയ്യാറാക്കാം
ഇടിച്ചക്ക കാലമായാൽ പിന്നെ ഇടിച്ചക്ക തോരൻ തയ്യാറാക്കാൻ എല്ലാവർക്കും ഏറെ പ്രിയമാണ്. അപ്പോൾ ഇടിച്ചക്ക തോരൻ എങ്ങിനെയാണ് വളരെ ടേസ്റ്റിൽ തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം.
ആദ്യം ഒരു ഇടത്തരം ഇടിച്ചക്ക നല്ല വൃത്തിയാക്കി എടുക്കുക. അതിനു ശേഷം വലിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. ( വേണമെങ്കിൽ ഇടിച്ചക്ക ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തും എടുക്കാം.അപ്പോൾ പിന്നെ ഇടിച്ചു ഒതുക്കി എടുക്കേണ്ട കാര്യം ഇല്ല.) ഇനി ഈ കഷണങ്ങൾ വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇടിച്ചക്ക കഷണങ്ങൾ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇടിച്ചക്ക നന്നായി വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്ത് അതിലെ വെള്ളം ഊറ്റി കളയണം. ഇടിച്ചക്ക ചൂടാറിയ ശേഷം അമ്മിക്കല്ലിൽ വച്ചു നന്നായി ഇടിച്ചു ഒതുക്കി എടുക്കുക. അതിനു ശേഷം അടച്ചു മാറ്റി വക്കുക.
ഇനി നമുക്ക് തോരൻ റെഡി ആക്കി എടുക്കാം. ആദ്യം ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് രണ്ടു സ്പൂൺ കടുക് ചേർത്ത് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ ഒരു പിടി ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി ഗോൾഡൻ ബ്രൗൺ നിറമായാൽ രണ്ടു സ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. ഇനി രണ്ടു തണ്ട് കറിവേപ്പിലയും, അര മുറി തേങ്ങ ചിരകിയത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം നമ്മൾ ഇടിച്ചു വച്ചിരിക്കുന്ന ഇടിച്ചക്ക ചേർത്ത് നന്നായി മിക്സ് ചെയ്തു രണ്ടു മിനിറ്റ് അടച്ചു വക്കണം. അതിനു ശേഷം വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ഇടിച്ചക്ക തോരൻ തയ്യാർ… !!
