നല്ല നാടൻ ഇലയട കഴിക്കാൻ കൊതി തോന്നുന്നുണ്ടോ..? എങ്കിൽ ഇതുപോലെ തയ്യാറാക്കാം

ആദ്യം ഒരു ഗ്ലാസ്‌ അരിപ്പൊടി കുഴച്ചു വക്കണം. അതിനു വേണ്ടി കുറച്ചു വെള്ളം തിളപ്പിച്ച്‌ അരിപൊടിയിലേക്ക് കുറേശ്ശേ ചേർത്ത് നന്നായി കുഴച്ചു പരുവമാക്കി എടുക്കുക.( വെള്ളം തിളപ്പിക്കുമ്പോൾ അരിപൊടിയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. ) ശേഷം അടച്ചു മാറ്റി വക്കണം. അട ഉണ്ടാക്കി എടുക്കാൻ ആവശ്യത്തിന് ഉള്ള വാഴയില ഒരേ വലുപ്പത്തിൽ കട്ട്‌ ചെയ്തു വക്കുക.

ഇനി നമുക്ക് അടയിലേക്ക് ആവശ്യമായ തേങ്ങാകൂട്ട് തയ്യാറാക്കി എടുക്കണം. അതിനു വേണ്ടി നാലു അച്ചു ശർക്കര കാൽ ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനു ശേഷം അരിച്ചു മാറ്റി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു തേങ്ങ ചിരകിയത് ചേർത്ത് വഴറ്റുക. ഒന്നു വഴറ്റിയാൽ മതി. അതിനു ശേഷം അരിച്ചു മാറ്റി വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് കൊടുക്കുക. ഇനി അര സ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്തു ഗ്യാസ് ഓഫ്‌ ചെയ്യണം.

ഇനി നമുക്ക് അട തയ്യാറാക്കി തുടങ്ങാം. ആദ്യം ഒരു ഇല എടുത്തു അതിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ അരി മാവ് എടുത്തു നന്നായി കൈ കൊണ്ടു തന്നെ പരത്തി എടുക്കുക. ഇനി രണ്ടു സ്പൂൺ തേങ്ങാ കൂട്ട് കൂടി അതിൽ ഒരു സൈഡിൽ വച്ചു കൊടുക്കുക. ഇനി ഈ ഇലയട മടക്കി വക്കണം. അതിനു വേണ്ടി ഒരു സൈഡ് പിടിച്ചു അടുത്ത സൈഡിലേക്ക് മടക്കുക. എല്ലാ അടയും ഇങ്ങിനെ തയ്യാറാക്കി എടുക്കുക.

ഇനി നമുക്ക് ഈ അട ആവിയിൽ വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ തട്ട് വച്ച ശേഷം എല്ലാ അടയും വച്ചു കൊടുക്കുക. അര മണിക്കൂർ കഴിഞ്ഞ് തുറന്നു വെന്തു എന്ന് ഉറപ്പ് വരുത്തുക. അതിനു ശേഷം ഓരോ അടയും പുറത്തേക്ക് എടുത്തു മാറ്റുക. ഇപ്പോൾ നമ്മുടെ അടിപൊളി ഇല യട തയ്യാർ…!! നല്ല ചൂട് കട്ടൻ ചായക്ക് ഒപ്പം അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts