പഴുത്ത ചക്ക കൊണ്ടുള്ള പായസം കുടിച്ചു നോക്കിയിട്ടുണ്ടോ? ഇത്രയും രുചിയോടെ ഇതാദ്യം

ചക്ക പഴുത്തു തുടങ്ങിയാൽ ഒരു തവണയെങ്കിലും ചക്ക പായസം തയ്യാറാക്കി കഴിക്കണം. ഇല്ലെങ്കിൽ നഷ്ടം തന്നെയാണെന്നേ ഞാൻ പറയൂ. അപ്പോൾ എങ്ങിനെയാണ് ഈ സ്വാദിഷ്ടമായ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഇരുപത്തി അഞ്ചു പഴുത്ത ചക്കചുള കുരു കളഞ്ഞു വൃത്തിയാക്കി വക്കുക. അതിനുശേഷം അതിലെ എട്ടു ചുള എടുത്തു ചെറുതായി അരിഞ്ഞു വക്കണം. പായസത്തിൽ ഒന്നു കടിക്കുന്നതിന് വേണ്ടിയാണ്. ബാക്കിയുള്ള എല്ലാ ചക്ക ചുളയും മിക്സിയിൽ ഇട്ടു നന്നായി പേസ്റ്റ് പോലെ അരച്ചു എടുത്തു മാറ്റി വക്കുക. ഇനി ഇരുന്നൂറ്റിഅമ്പത് ഗ്രാം ശർക്കര നന്നായി ഉരുക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിൽ ശർക്കരയും അര ഗ്ലാസ് വെള്ളവും കൂടി ചേർത്ത് ഉരുക്കി എടുക്കണം. അതിനു ശേഷം നന്നായി അരിച്ചു എടുക്കുക.

ഇനി ഒരു തേങ്ങയുടെ ഒന്നാം പാൽ എടുത്തു വക്കുക. അതിനു ശേഷം രണ്ടു ഗ്ലാസ്‌ വെള്ളം ചേർത്ത് നന്നായി മിക്സിയിൽ ഇട്ടു അരച്ചു രണ്ടാം പാലും എടുത്തു വക്കണം. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിനു ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന ചക്കയും, അരിഞ്ഞു വച്ചിരിക്കുന്ന ചക്കയും ചേർത്ത് നാലു മിനിറ്റ് വഴറ്റി കൊണ്ടിരിക്കുക. ഇനി രണ്ടാം പാൽ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തു കൊടുക്കണം. അതിനു ശേഷം ശർക്കര ഉരുക്കിയത് ചേർത്ത് കൊടുക്കുക. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്തു കാൽ സ്പൂൺ ഏലക്കപൊടി ചേർത്ത് കൊടുക്കുക. ചെറിയ ചൂടിൽ ഇളക്കി കൊണ്ടിരിക്കുക. നന്നായി വറ്റി കുറുകി വന്നാൽ പായസം ഇറക്കി വക്കുക. ഇനി നമുക്ക് പായസത്തിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ വച്ചു ചൂടാക്കി ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ്പും ഒരു പിടി മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചക്ക പായസം തയ്യാർ… !!

Thanath Ruchi

Similar Posts