കിടിലൻ ടേസ്റ്റിലുള്ള ഗ്രീൻ ചിക്കൻ റെസിപ്പി. ഇനി ചിക്കൻ കിട്ടുമ്പോൾ എന്തായാലും ട്രൈ ചെയ്യേണ്ട വിഭവം
അപ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ഗ്രീൻ ചിക്കൻ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു പിടി അണ്ടിപ്പരിപ്പ്, ഒരു പിടി ബദാം, ഒരു പിടി പിസ്ത എന്നിവ ചൂടായ ചട്ടിയിൽ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്യുക. അതുപോലെ രണ്ടു സവാള നീളത്തിൽ അരിഞ്ഞത് വറുത്തു കോരണം. അതിനു വേണ്ടി ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള നല്ല ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരി മാറ്റുക. ഇതെല്ലാം കൂടി കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചു മാറ്റി വക്കുക. ഇനി ഒരു പിടി മല്ലിയില, ഒരു പിടി പുതിനയില, എട്ടു മുളക് എന്നിവ അൽപ്പം വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചു മാറ്റി വക്കുക.
ശേഷം ഒരു കിലോ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ കുരുമുളക്പൊടി, ഒരു സ്പൂൺ ഏലക്കപൊടി, ഒരു സ്പൂൺ ഗരം മസാല, ഒരു സ്പൂൺ മല്ലിപൊടി, ഒരു സ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കാൽ കപ്പ് തൈര് , ഒരു നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യണം. അതിനു ശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന എല്ലാം ചേർത്ത് ഒന്നു കൂടി നല്ല വണ്ണം കൈ കൊണ്ടു മിക്സ് ചെയ്തു വക്കുക. അതിനു ശേഷം ഈ കൂട്ട് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ റെസ്റ് ചെയ്യാൻ വക്കണം.
രണ്ടു മണിക്കൂറിനു ശേഷം ചിക്കൻ പുറത്തേക്ക് എടുക്കുക. ഇനി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം മൂന്നു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ടു കഷ്ണം പട്ട, നാലു ഗ്രാമ്പു, ഒരു സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് റോസ്റ്റ് ചെയ്യണം. ആദ്യം ഉയർന്ന ചൂടിൽ വേവിക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞാൽ ലോ ഫ്ലൈമിൽ ഇട്ടു റോസ്റ്റ് ചെയ്തു എടുക്കുക. നന്നായി വെന്തു എണ്ണ തെളിഞ്ഞു വന്നാൽ വാങ്ങി വക്കണം. അൽപ്പം മല്ലിയില മീതെ തൂവുക. ഇപ്പോൾ നമ്മുടെ അടിപൊളി ഗ്രീൻ ചിക്കൻ തയ്യാർ… !! ചപ്പാത്തിയുടെ കൂടെയോ, പൊറോട്ടയുടെ കൂടെയോ, നാനിന്റെ കൂടെയോ അടിപൊളി കോമ്പിനേഷൻ ആണ്.
