നല്ല രുചിയൂറും ഉണക്കസ്രാവ് അച്ചാർ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിക്കോളൂ
കറിയൊന്നും ഇല്ലാത്ത സമയത്ത് ഈ അച്ചാറിലെ ഒരു കഷ്ണം തന്നെ ധാരാളം മതിയാകും. അപ്പോൾ നമുക്ക് തുടങ്ങാല്ലേ…
ആദ്യം ഇരുന്നൂറു ഗ്രാം ഉണക്ക സ്രാവ് ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തു എടുക്കുക. അതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കി കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വക്കണം. ( ഉപ്പ് കളയുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.)ഇനി കഴുകി എടുത്ത കഷണങ്ങളിൽ ആവശ്യത്തിന് മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി പുരട്ടി വക്കണം. അര മണിക്കൂർ അടച്ചു മാറ്റി വക്കുക. ഇനി ചുവട് കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ വറുത്തു കോരി മാറ്റുക.
അതിനു ശേഷം വീണ്ടും ഒരു കടായി വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് മീൻ വറുക്കാൻ എടുത്ത വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിനുശേഷം ഒരു വലിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞതും, രണ്ടു ഉണ്ട വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ആറു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം നാലു വലിയ സ്പൂൺ മുളക്പൊടിയും, അര സ്പൂൺ മഞ്ഞൾപൊടിയും, ഒരു സ്പൂൺ കായം പൊടിയും, ഒരു സ്പൂൺ ഉലുവ പൊടിയും ചേർത്ത് വഴറ്റുക. പൊടികൾ എല്ലാം നന്നായി വഴറ്റി എണ്ണ തെളിഞ്ഞ സമയത്തു ഒരു ഗ്ലാസ് വിനിഗർ ചേർത്ത് കൊടുക്കുക. അൽപ്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കണം. ( ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കണം. മീനിൽ ഉപ്പ് ഉണ്ടായിരിക്കും. )
എണ്ണ നന്നായി തെളിഞ്ഞു വന്നാൽ അതിലേക്ക് നമ്മൾ വറുത്തു മാറ്റി വച്ചിരിക്കുന്ന സ്രാവ് കഷണങ്ങൾ ചേർത്ത് കൊടുക്കുക.
നന്നായി മിക്സ് ചെയ്യണം. ഇനി കുറച്ചു നേരം തിളപ്പിക്കണം. മസാല എല്ലാം മീനിൽ പിടിക്കാൻ വേണ്ടിയാണ്. ഈ സമയത്ത് എരിവും പുളിയും ഉപ്പും എല്ലാം കറക്റ്റ് പാകത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ ചേർത്തു കൊടുക്കണം. അച്ചാർ നന്നായി തിളച്ചു എണ്ണ നന്നായി തെളിഞ്ഞു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ചൂടാറിയ ശേഷം ഒരു ചില്ലു കുപ്പിയിൽ സൂക്ഷിച്ചു വക്കണം. ഇപ്പോൾ നമ്മുടെ സ്രാവ് അച്ചാർ തയ്യാർ… !!
