നുറുക്ക് ഗോതമ്പ് കൊണ്ടു ഉണ്ടാക്കിയ അടിപൊളി ദോശ കഴിച്ചു നോക്കിയിട്ടുണ്ടോ..?
നുറുക്ക് ഗോതമ്പ് കൊണ്ടു ഉണ്ടാക്കിയ അടിപൊളി ദോശ കഴിച്ചു നോക്കിയിട്ടുണ്ടോ..? അരി ദോശയെക്കാൾ ടേസ്റ്റ് ഉള്ള നുറുക്ക് ഗോതമ്പ് ദോശ ഒന്നു കഴിച്ചു നോക്കേണ്ട ഒരു ഐറ്റം ആണ്. പിന്നെ ഗോതമ്പിന്റെ ഗുണങ്ങളെ പറ്റി ഞാൻ ഇവിടെ പറയേണ്ട ആവശ്യം ഇല്ലല്ലോ.. !
എന്നാ പിന്നെ ഈ സ്വാദിഷ്ടമായ ദോശ എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് പല തവണ കഴുകി വെള്ളത്തിൽ കുതിരാൻ ഇടണം. അതേ പോലെ അര കപ്പ് ഉഴുന്ന് നന്നായി കഴുകി വെള്ളത്തിൽ കുതിരാൻ ഇടണം. അതിന്റെ കൂടെ ഒരു സ്പൂൺ ഉലുവ കൂടി കുതിരാൻ ഇടുക. ഇനി രണ്ടു മണിക്കൂർ ഇത് നല്ല വണ്ണം കുതിരട്ടെ. നുറുക്ക് ഗോതമ്പ്, ഉഴുന്ന് വേഗം കുതിർന്നു കിട്ടും. അരി ആണെങ്കിൽ കൂടുതൽ സമയം കുതിർക്കേണ്ടി വരും.
ഇനി രണ്ടു മണിക്കൂറിന് ശേഷം ഇതെല്ലാം കൂടി നന്നായി അരച്ചു എടുക്കുക. സാദാ ദോശ മാവിന്റെ പാകത്തിന് അരച്ചു എടുത്താൽ മതി. അതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാവ് മാറ്റി ഒഴിക്കുക. ഇനി കൈ കൊണ്ടു നന്നായി മിക്സ് ചെയ്യണം. അതിനു ശേഷം അടച്ചു വക്കുക. ഇനി കുറഞ്ഞത് എട്ടു മണിക്കൂർ ഫെർമെന്റ് ചെയ്യാൻ വേണ്ടി വക്കണം. രാവിലെ ഉപയോഗിക്കാൻ ആണെങ്കിൽ തലേ ദിവസം രാത്രി മാവ് റെഡി ആക്കിയാൽ മതി. മാവ് ഇപ്പോൾ നന്നായി പുളിച്ചു വന്നിട്ടുണ്ടാകും. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ദോശ പാൻ അടുപ്പിൽ വച്ചു ചൂടായി വന്നാൽ ഒരു തവി മാവ് കോരി ഒഴിച്ച് നന്നായി കനം കുറച്ചു പരത്തി എടുക്കുക. മുകളിൽ നെയ്യ് അല്ലെങ്കിൽ നല്ലെണ്ണ തൂകി കൊടുക്കുക. നന്നായി മൊരിഞ്ഞു വന്നാൽ മടക്കി വാങ്ങുക. ഇങ്ങിനെ എല്ലാ ദോശയും ചുട്ടു എടുക്കുക. നല്ല തേങ്ങ ചട്ണിയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
