സൂപ്പർ ടേസ്റ്റിൽ സേമിയ പക്കാവട തയ്യാറാക്കി എടുക്കാം, ഉഗ്രനൊരു നാലുമണി പലഹാരം
ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആണ് സേമിയ പക്കാവട. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് സേമിയ ആവശ്യത്തിന് വെള്ളവും ഓയിലും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. നന്നായി വെന്തു വന്നാൽ അതിലേക്ക് പച്ചവെള്ളം ചേർത്ത് നന്നായി ഊറ്റി വക്കുക. ഒരു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചു വക്കുക.
ഇനി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ കടലമാവ്, ഒരു സ്പൂൺ അരിപൊടി, ഒരു നുള്ള് കായം പൊടി, പകുതി സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി ചതച്ചത്, പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ്, ഒരു സ്പൂൺ മുളക്പൊടി, മല്ലിയില, കറിവേപ്പില അരിഞ്ഞത്, വേവിച്ചു വച്ചിരിക്കുന്ന സേമിയ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൈ കൊണ്ടു തന്നെ നന്നായി ഞെരടി കൊടുത്താൽ മതി. വെള്ളം ആവശ്യമാണ് എങ്കിൽ മാത്രം അൽപ്പം ചേർത്ത് കൊടുക്കുക. ഇനി പതിനഞ്ചു മിനിറ്റ് അടച്ചു വക്കണം.
അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ല വണ്ണം ചൂടായി വന്നാൽ നമ്മൾ കൂട്ടി വച്ച മാവിൽ നിന്ന് ഒരു സ്പൂൺ കൊണ്ടു കോരി ഇട്ടു കൊടുക്കുക. ഈ സമയത്ത് ചൂട് നല്ലവണ്ണം കുറച്ചു വക്കാൻ മറക്കരുത്. തിരിച്ചും മറിച്ചും ഇട്ടു നമ്മുടെ പക്കാവട കോരി മാറ്റുക.
ലാസ്റ്റ് അൽപ്പം കറിവേപ്പില കൂടി വറുത്തു കോരി ഇതിന് മീതെ ഇട്ടു കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സേമിയ പക്കാവട തയ്യാർ… !!
