പച്ച മാങ്ങ ഇരിപ്പുണ്ടോ.. സദ്യ സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കിയെടുക്കാം വളരെ പെട്ടെന്ന് തന്നെ
അപ്പോൾ നമുക്ക് എങ്ങിനെയാണ് മാങ്ങ അച്ചാർ തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം രണ്ടു മാങ്ങ കഴുകി വൃത്തിയാക്കി വക്കണം. നല്ല മൂത്ത മാങ്ങയാണ് അച്ചാർ ഉണ്ടാക്കി എടുക്കാൻ നല്ലത്. ഇനി മാങ്ങ ചെറിയ ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തു വക്കണം.
ഇനി അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു തുടം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കണം. (വെളുത്തുള്ളിയുടെ ടേസ്റ്റ് ഇഷ്ടമുള്ളവർ മാത്രം ചേർത്താൽ മതി. നിർബന്ധം ഇല്ല. വെളുത്തുള്ളി ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്. ) ഇങ്ങിനെ മിക്സ് ചെയ്ത കൂട്ട് ആറു മണിക്കൂർ റെസ്റ് ചെയ്യാൻ വക്കണം.
അല്ലെങ്കിൽ വൈകുന്നേരം മിക്സ് ചെയ്തു വച്ചു പിറ്റേന്ന് രാവിലെ വറവ് ഇട്ടാൽ മതി. ഇനി നമുക്ക് അച്ചാറിലേക്ക് ഉള്ള വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണയോ, നല്ലെണ്ണയോ ചേർത്ത് കൊടുക്കുക. ചൂടായി വന്നാൽ മൂന്നു സ്പൂൺ കടുകും, മൂന്നു വറ്റൽ മുളകും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി ത൭ നന്നായി കുറച്ചു വച്ച ശേഷം നാലു സ്പൂൺ മുളക്പൊടി ചേർത്ത് കൊടുക്കുക.
ഒന്നു മിക്സ് ചെയ്തു മാങ്ങകൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇനി അര സ്പൂൺ കായം വറുത്തു പൊടിച്ചതും, അര സ്പൂൺ ഉലുവ വറുത്തു പൊടിച്ചതും ചേർത്തു കൊടുക്കണം. അതിനുശേഷം കാൽ കപ്പ് വിനിഗർ കൂടി ചേർത്താൽ ഉഗ്രൻ അച്ചാർ റെഡി…!! കൂടുതൽ ദിവസം വക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ മാത്രം വിനിഗർ ചേർത്താൽ മതി.
