വളരെ സോഫ്റ്റ് ആയ റവ ഉപ്പുമാവ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; നിങ്ങൾക്ക് എന്തായാലും ഇഷ്ടമാവും
അപ്പോൾ നമുക്ക് എങ്ങിനെയാണ് ഉപ്പുമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് റവ നന്നായി വറുത്തു എടുക്കണം. റോസ്റ്റ് ചെയ്ത റവയാണ് കിട്ടുന്നത് എങ്കിൽ ചെറുതായി ഒന്നു ചൂടാക്കി എടുക്കേണ്ടി വരും. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഒരു സ്പൂൺ കടുകും രണ്ടു വറ്റൽമുളകും ചേർത്ത് കൊടുക്കുക. ശേഷം ഒന്നര സ്പൂൺ ഉഴുന്നു പരിപ്പ് ചേർത്ത് കൊടുക്കുക.
ഒന്നു വഴറ്റി നിറം മാറിയ ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ഒന്നു വാടി വന്നാൽ അതിലേക്ക് ഒരു സവാള ചെറുതായി മുറിച്ചത്, ഒരു കാരറ്റ് ചെറുതായി മുറിച്ചത് എന്നിവ ചേർത്ത് വഴറ്റുക. ഒന്നു വാടി വന്നാൽ മതി. അതായത് സവാള യുടെ നിറം മാറാൻ പാടില്ല. ഇനി അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. റവ എടുത്ത കപ്പിൽ തന്നെ വെള്ളം എടുക്കാൻ ശ്രദ്ധിക്കണം. ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കുക. നെയ്യ് ചേർത്തിട്ടുണ്ടെങ്കിൽ ഉപ്പുമാവ് നല്ല സോഫ്റ്റ് ആയി വരും. ഇനി വെള്ളം നന്നായി തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ വറുത്തു മാറ്റി വച്ചിരിക്കുന്ന റവ ചേർത്ത് കൊടുക്കുക. ഈ സമയത്തു ത൭ നന്നായി കുറച്ചു വക്കണം. ഇനി നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം രണ്ടു മിനിറ്റ് മൂടി വച്ചു അടച്ചു വക്കണം. രണ്ടു മിനിറ്റിനു ശേഷം മൂടി തുറന്ന് അര കപ്പ് തേങ്ങ ചിരകിയതും അൽപ്പം മല്ലിയിലയും തൂകിയാൽ അടിപൊളി സോഫ്റ്റ് ഉപ്പുമാവ് തയ്യാർ… !!
