നല്ല സ്വാദുള്ള ഉന്നക്കായ പെർഫെക്ട് ആയി ഇങ്ങിനെ തയ്യാറാക്കാം

ഉന്നക്കായ തയ്യാറാക്കാൻ ആദ്യം നമുക്ക് വേണ്ടത് രണ്ടു ഏത്തപ്പഴം ആണ്. ഏത്തപ്പഴം അധികം പഴുത്തതാകരുത്. മീഡിയം പഴുപ്പ് മാത്രമേ ആവശ്യമുള്ളൂ. പഴം ആവിയിൽ വച്ചു നന്നായി പുഴുങ്ങി എടുക്കണം. അതിനു ശേഷം പഴത്തിന്റെ നാരും, കുരുവും എല്ലാം ഒഴിവാക്കുക. ഇനി പഴം നന്നായി ഉടച്ചു എടുത്ത്‌ കുഴച്ചു മാറ്റി വക്കുക. ( പഴം ചൂടാറുന്നതിന് മുൻപ് തന്നെ നന്നായി ഉടച്ചു വക്കണം. )

അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു പിടി അണ്ടി പരിപ്പും, ഒരു പിടി മുന്തിരിയും ഇട്ടു വഴറ്റുക. അതിനു ശേഷം ഒരു മുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുത്തു നന്നായി വഴറ്റുക. അതിനു ശേഷം ആവശ്യം അനുസരിച്ചു പഞ്ചസാര ചേർത്ത് കൊടുക്കുക. (പഞ്ചസാരക്ക് പകരം ശർക്കര ഉരുക്കിയത് ചേർത്ത് കൊടുത്താലും മതി. ) ഇനി കാൽ സ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ത൭ ഓഫ്‌ ചെയ്യുക.

ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന പഴത്തിൽ നിന്ന് ഒരു ചെറുനാരങ്ങ വലുപ്പത്തിൽ എടുത്തു കയ്യിൽ വച്ചു തന്നെ പരത്തുക. (വല്ലാതെ കനം കുറച്ചു പരത്തരുത്. ) ഇനി അതിലേക്ക് ഒരു സ്പൂൺ തേങ്ങാകൂട്ട് വെച്ച ശേഷം വീണ്ടും ഒന്നുകൂടി ഉരുട്ടി എടുക്കുക. മിക്സ്‌ പുറത്തു പോകാത്ത രീതിയിൽ നന്നായി ഉരുട്ടി എടുക്കുക. അങ്ങിനെ എല്ലാ ഉന്നക്കായയും ഉരുട്ടി എടുത്തു വക്കുക.

ഇനി ഒരു പാൻ വച്ചു ചൂടാക്കിയ ശേഷം ഓയിൽ ഒഴിച്ച് കൊടുക്കുക. ഉന്നക്കായ മുക്കി പൊരിച്ചു എടുക്കാൻ ഉള്ള അത്രയും ഓയിൽ ചേർത്ത് കൊടുക്കണം. ഓയിൽ നല്ല വണ്ണം ചൂടായ ശേഷം നമ്മൾ ഉണ്ടാക്കി എടുത്ത ഉന്നക്കായ ഇട്ടു കൊടുക്കുക. ഉന്നക്കായ ഇട്ട ശേഷം ചെറിയ തീയിൽ വറുത്തു കോരുക.

Thanath Ruchi

Similar Posts