ഈസി ആയി സേമിയ ഉപ്പുമാവ് കുക്കറിൽ ഉണ്ടാക്കി നോക്കിയാലോ… ഇനി എന്നും ഇതുമതി
വളരെ എളുപ്പമാണ് സേമിയ ഉപ്പുമാവ് ഇങ്ങിനെ കുക്കറിൽ തയ്യാറാക്കി എടുക്കാൻ. അപ്പോൾ നമുക്ക് എങ്ങിനെയാണ് ഉപ്പുമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ഇനി ഒരു കപ്പ് സേമിയ നന്നായി ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ റോസ്റ്റ് ചെയ്യുക. റോസ്റ്റ് ചെയ്ത സേമിയ ആണെങ്കിൽ ഇങ്ങിനെ ചെയ്യേണ്ട ആവശ്യം ഇല്ല. ഇനി ഒരു പിടി അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തു കോരി മാറ്റി വക്കുക.
ഇനി നമുക്ക് ഉപ്പുമാവ് റെഡി ആക്കാൻ തുടങ്ങാം. ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക. അതിനു ശേഷം മൂന്നു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇനി ഒരു സ്പൂൺ കടുക്, ഒരു സ്പൂൺ ഉഴുന്ന്, ഒരു സ്പൂൺ കടല പരിപ്പ്, രണ്ടു വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില, ഒരു കാരറ്റ്, നാലു ബീൻസ്, രണ്ടു പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു നുള്ള് മഞ്ഞൾപൊടി കൂടി ചേർത്ത് കൊടുക്കുക.
പച്ചക്കറികൾ ചെറുതായി ഒന്നു വാടിയാൽ മതി. നല്ല വണ്ണം വാടെണ്ട ആവശ്യം ഇല്ല. ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം. അതായത് നമ്മൾ ഒരു കപ്പ് സെമിയ ആണ് ചേർത്തിരിക്കുന്നത്. അതുകൊണ്ട് അതേ കപ്പിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ ചേർത്ത് കൊടുക്കുക. ഇനി കുക്കർ അടച്ചു വച്ചു വേവിക്കുക. ഒരു വിസിൽ വന്നാൽ ഉടനെ തന്നെ ത൭ ഓഫ് ചെയ്യണം.
ഇനി അതിലെ പ്രഷർ എല്ലാം പോയ ശേഷം തുറക്കുക. പതുക്കെ ഒരു ഫോർക്ക് വച്ചു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി നമ്മൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും, നിലകടലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. വേണമെങ്കിൽ അര കപ്പ് ചിരകിയ തേങ്ങ ചേർത്ത് കൊടുക്കാം. അവസാനം അൽപ്പം മല്ലിയില കൂടി മുകളിൽ തൂവിയാൽ അടിപൊളി സേമിയ ഉപ്പുമാവ് റെഡി.
