അടിപൊളി ടേസ്റ്റ് ഉള്ള വെളുത്തുള്ളി അച്ചാർ ഈസി ആയി ഉണ്ടാക്കാം

അപ്പോൾ എങ്ങിനെ ആണ് വെളുത്തുള്ളി അച്ചാർ റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം കാൽ കിലോ വെളുത്തുള്ളി തോൽ എല്ലാം കളഞ്ഞു വൃത്തിയായി കഴുകി വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് നല്ലെണ്ണ കാൽ കപ്പ്‌ ഒഴിച്ചു കൊടുക്കുക. (വെളിച്ചെണ്ണയും അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കാം. നമ്മൾ ഒഴിക്കുന്ന എണ്ണയുടെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാം. പക്ഷെ അച്ചാർ കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ എണ്ണ കൂടുതൽ ഒഴിക്കണം.)

ഇനി രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. അതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞതും, മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടിയും ഒരു സ്പൂൺ മുളക്പൊടിയും മൂന്നു സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് വഴറ്റുക. ചെറിയ തീയിൽ വേണം പൊടികൾ ചേർത്ത് കൊടുക്കാൻ. അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകും. ഇനി കാൽ സ്പൂൺ കായം പൊടിയും കാൽ സ്പൂൺ ഉലുവ പൊടിയും ചേർത്ത് ഒന്നു കൂടി മിക്സ്‌ ചെയ്തു എടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ വൃത്തിയാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് കൊടുക്കുക. (വലിയ വെളുത്തുള്ളി ആണെങ്കിൽ നീളത്തിൽ രണ്ടായി കട്ട്‌ ചെയ്യണം.)

വെളുത്തുള്ളി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇനി പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് വിനിഗർ കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി തിളപ്പിക്കുക. അവസാനമായി എരിവും, ഉപ്പും, പുളിയും എല്ലാം ബാലൻസ് ചെയ്യാൻ ഒരു സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്ത ശേഷം തീ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ വെളുത്തുള്ളി അച്ചാർ റെഡി. ഇതു ചില്ല് ജാറിൽ തന്നെ സൂക്ഷിച്ചു വക്കണം.

Thanath Ruchi

Similar Posts