ഈസി തവ എഗ്ഗ് റോസ്റ്റ് എളുപ്പത്തിൽ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം

അപ്പോൾ നമുക്ക് എങ്ങിനെയാണ് എഗ്ഗ് റോസ്റ്റ് തവയിൽ റെഡി ആക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട പുഴുങ്ങി എടുക്കുക. അതിനു വേണ്ടി ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുട്ട പതുക്കെ വച്ചു കൊടുത്തു പത്തു മിനിറ്റ് വേവിക്കുക. വെള്ളം തിളപ്പിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർത്താൽ നല്ലതാണ്. വേവിച്ചു എടുത്ത മുട്ടകൾ ഓരോന്നായി തൊണ്ട് കളഞ്ഞു രണ്ടായി കട്ട്‌ ചെയ്തു വക്കുക.

ഇനി ഒരു തവ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് അര സ്പൂൺ മുളക്പൊടിയും കാൽ സ്പൂൺ മഞ്ഞൾപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി മിക്സ്‌ ചെയ്ത ശേഷം നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന ഓരോ മുട്ടയും അതിലേക്ക് കമഴ്ത്തി വച്ചു കൊടുത്തു ഫ്രൈ ചെയ്യുക. രണ്ടു മിനിറ്റ് കഴിഞ്ഞാൽ തിരിച്ചും ഇട്ടു വറുത്തു എടുക്കുക.

ഇനി അതേ തവയിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് ഒരു ചെറിയ സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒരു തണ്ട് കറിവേപ്പില അരിഞ്ഞതും മൂന്നു അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുക്കുക. അത് നന്നായി വഴന്നു വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടിയും അര സ്പൂൺ ഗരം മസാലയും ചേർത്ത് വഴറ്റുക. ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് വഴറ്റി കൊടുക്കുക. നന്നായി പച്ചമണം മാറിയാൽ വറുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് മിക്സ്‌ ചെയ്യുക. അതിനു ശേഷം എല്ലാം കൂടി ഒരുമിച്ച് ആക്കി രണ്ടു മിനിറ്റ് കുറഞ്ഞ തീയിൽ വക്കണം. മസാല എല്ലാം മുട്ടയിലേക്ക് പിടിക്കുന്നതിനു വേണ്ടിയാണ്. രണ്ടു മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ ഈസി ആയ തവ എഗ്ഗ് റോസ്റ്റ് തയ്യാർ. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി സൈഡ് ഡിഷ്‌ ആണ്.

Thanath Ruchi

Similar Posts