കുട്ടികൾക്കു വേണ്ടി അടിപൊളി ടൊമാറ്റോ സോസ് ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

ടൊമാറ്റോ സോസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ പഴുത്ത തക്കാളി വൃത്തിയായി കഴുകി എടുക്കുക. ( നല്ല ചുവന്ന നിറം ഉള്ളത് തന്നെ തിരഞ്ഞു എടുക്കുക.) ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. മുറിക്കുമ്പോൾ ഞെട്ടിന്റെ ഭാഗം കട്ട്‌ ചെയ്തു കളയാൻ മറക്കരുത്. ഇനി കട്ട്‌ ചെയ്തു എടുത്ത തക്കാളി ഒരു കുക്കറിലേക്ക് മാറ്റുക. അര ഗ്ലാസ്‌ വെള്ളം ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു ചെറിയ കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, ഒരു വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. അതിനു ശേഷം കുക്കർ മൂടി വച്ച് മൂന്നു വിസിൽ അടിപ്പിക്കുക.

പ്രഷർ എല്ലാം പോയ ശേഷം കുക്കർ തുറക്കുക. ഇനി നമുക്ക് ഈ കൂട്ട് ചൂടാറുന്നതിന് വേണ്ടി വക്കണം.( ഇനി നമുക്ക് ഇതിൽ ഇട്ടു കൊടുത്തിരുന്ന പട്ടയും, ഗ്രാമ്പുവും എടുത്തു മാറ്റണം.അരക്കുമ്പോൾ ഇതു കൂട്ടി അരക്കാൻ പാടില്ല.) നല്ല വണ്ണം ചൂടാറിയാൽ നമുക്ക് ഈ കൂട്ട് മിക്സിയിൽ ഇട്ടു അരച്ചു എടുക്കണം. കുറേശ്ശേ മിക്സിയിൽ ഇട്ടു നന്നായി അരച്ചു എടുക്കുക. അരച്ചു കഴിഞ്ഞാൽ ഇതു നന്നായി അരിച്ചു മാറ്റി വക്കണം.

ഇനി നമുക്ക് അരച്ചു എടുത്ത തക്കാളി ചാർ ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി നമുക്ക് ഇത് കുറുക്കി എടുക്കണം. ഇനി അതിലേക്ക് കാൽ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു നുള്ള് കുരുമുളക് പൊടി, ആറു സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കുക. ( പഞ്ചസാര ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയും, കുറക്കുകയും ചെയ്യാം.) ഇനി നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഉപ്പും,പുളിയും,മധുരവും എല്ലാം പാകത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇനി നമുക്ക് ഇതിലേക്ക് രണ്ടു സ്പൂൺ വിനിഗർ കൂടി ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. ഇനി അടുപ്പിൽ വച്ചു തിളപ്പിക്കുക. മീഡിയം തീയിൽ വേണം തിളപ്പിക്കാൻ . ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഏകദേശം പതിനഞ്ചു മിനിറ്റ് ഇങ്ങിനെ വറ്റിച്ചു എടുക്കണം. സോസിന്റെ പരുവം വന്നാൽ തീ ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി ടൊമാറ്റോ സോസ് റെഡി.

Thanath Ruchi

Similar Posts