പൂ പോലെ വളരെ സോഫ്റ്റ്‌ ആയ വെള്ളയപ്പം തയ്യാറാക്കി എടുക്കാം

അപ്പോൾ എങ്ങിനെയാണ് വെള്ളയപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടു കപ്പ് പച്ചരി കുതിർക്കാൻ വേണ്ടി ഇട്ടു വക്കുക. അരി നന്നായി കഴുകി വൃത്തിയാക്കി വേണം ഇട്ടു വക്കാൻ. അഞ്ചു ആറു മണിക്കൂർ കുതിർക്കണം. ആറു മണിക്കൂർ കഴിഞ്ഞാൽ അരച്ചു വക്കണം. അരക്കുമ്പോൾ അര മുറി തേങ്ങ ചിരകിയത്, രണ്ടു സ്പൂൺ പഞ്ചസാര, അര സ്പൂൺ യീസ്റ്റ്, രണ്ടു സ്പൂൺ ചോറ്, മൂന്നു സ്പൂൺ വെളുത്ത അവൽ നനച്ചത് എന്നിവ ചേർത്ത് നന്നായി അരക്കുക.

പാകത്തിന് വെള്ളം ചേർത്ത് വേണം അരച്ചു എടുക്കാൻ. ദോശ മാവിന്റെ പാകത്തിന് വേണം അരച്ചു എടുക്കാൻ. മാവ് നമുക്ക് പാത്രത്തിൽ ഒഴിച്ച് ചുറ്റിച്ചു എടുക്കാൻ ഉള്ളതാണ്. ഉപ്പ് ഇപ്പോൾ ചേർക്കേണ്ട ആവശ്യം ഇല്ല. ഇനി ഈ മാവ് കൈ കൊണ്ടു നന്നായി മിക്സ് ചെയ്യുക. ഇനി മിനിമം പത്തു മണിക്കൂർ എങ്കിലും മാവ് ഫെർമെന്റ് ചെയ്യാൻ വേണ്ടി മൂടി വക്കണം. രാവിലെ ഉപയോഗിക്കാൻ ആണെങ്കിൽ തലേ ദിവസം രാത്രി അരച്ചു വച്ചാൽ മതി.

മാവ് നന്നായി പൊങ്ങി വന്നാൽ ചുട്ടു എടുക്കാൻ സമയമായി എന്നാണ്. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു തവി കൊണ്ടു പതുക്കെ ഇളക്കി മിക്സ് ചെയ്യുക. ഇനി നമുക്ക് ഓരോ അപ്പവും ചുട്ടു എടുക്കാം.

ഒരു വെള്ളയപ്പം ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ചട്ടി ചൂടായ ശേഷം ഒരു തവി മാവ് കോരി ഒഴിക്കുക. പെട്ടെന്ന് തന്നെ പാത്രം പിടിച്ചു മാവ് നന്നായി ചുറ്റിച്ചു കൊടുക്കുക. അതിനു ശേഷം അപ്പ ചട്ടി അടച്ചു വക്കുക. ഒരു മിനിറ്റ് കഴിഞ്ഞാൽ തുറന്നു നോക്കുക. പാകമായാൽ ചട്ടിയിൽ നിന്നും വാങ്ങി വക്കുക. നല്ല മൊരിഞ്ഞ അപ്പം കിട്ടണമെങ്കിൽ കൂടുതൽ നേരം വേവിച്ചു എടുത്താൽ മതി. അപ്പത്തിന്റെ മാവ് ഒഴിക്കുമ്പോൾ ചട്ടിക്ക് നല്ല ചൂട് ഉണ്ടാകണം. ഉടനെ തന്നെ ഗ്യാസ് മീഡിയം ആയി കുറച്ചു വക്കുകയും വേണം. അല്ലെങ്കിൽ അപ്പം ശരിയാകില്ല. ഈ രീതിയിൽ എല്ലാ അപ്പവും ചുട്ടു എടുക്കുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →