ഫിഷ് മോളി ഇങ്ങിനെ റെഡി ആക്കിയിട്ടുണ്ടോ, ഉഗ്രൻ രുചിയോടെ തയ്യാറാക്കാം

ആദ്യം മുന്നൂറു ഗ്രാം നെയ്മീൻ വൃത്തിയായി കഴുകി എടുക്കുക. ദശ കട്ടിയുള്ള ഏതു മീനും ഉപയോഗിക്കാം. ഇനി അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കുക. അര മണിക്കൂറിനു ശേഷം ഒരു പാൻ വച്ച് ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം മീൻ നന്നായി വറുത്തു എടുക്കുക. ഒരു തേങ്ങ ചിരകി അര കപ്പ്‌ ഒന്നാം പാലും, ഒന്നര കപ്പ് രണ്ടാം പാലും എടുത്തു വക്കണം.

ഇനി നമുക്ക് ഫിഷ് മോളി റെഡിയാക്കി എടുക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് ഒരു ചെറിയ കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. അതിനു ശേഷം ഒരു സ്പൂൺ ഇഞ്ചി കൊത്തിയരിഞ്ഞതും, ഒരു സ്പൂൺ വെളുത്തുള്ളി കൊത്തിയരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. പച്ച മണം മാറി വന്നാൽ അതിലേക്ക് ഒരു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞതും, മൂന്നു പച്ചമുളക് കീറിയതും ചേർത്ത് നന്നായി വഴറ്റുക. സവാള ഒന്നു വാടി വന്നാൽ മതി. നിറം മാറേണ്ട ആവശ്യം ഇല്ല. ഇനി അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് കൊടുക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് വഴറ്റുക.

ഇനി അതിലേക്ക് രണ്ടാം പാൽ ചേർത്ത് നന്നായി തിളപ്പിക്കുക. അതിനു ശേഷം ഒരു തക്കാളി കനം കുറച്ചു അരിഞ്ഞതും, വറുത്തു വച്ചിരിക്കുന്ന മീനും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അഞ്ചു മിനിറ്റ് നേരം പാത്രം മൂടി വച്ചു വേവിക്കുക. ഇപ്പോൾ എരിവും, പുളിയും, ഉപ്പും എല്ലാം പാകത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തുക. കുറവ് ഉണ്ടെങ്കിൽ ചേർക്കാൻ മറക്കരുത്. കറി തിളച്ചു നന്നായി കുറുകി വന്നാൽ എടുത്തു വച്ചിരിക്കുന്ന അര കപ്പ് ഒന്നാം പാൽ ചേർത്ത് ചൂടാക്കുക. ഇനി തിളപ്പിക്കേണ്ട ആവശ്യം ഇല്ല. ഒരു തണ്ട് കറി വേപ്പില കൂടി ഇട്ടു കൊടുത്ത ശേഷം കറി വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സിംപിൾ ആയ ഫിഷ് മോളി തയ്യാർ. ഇതു അപ്പത്തിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

https://www.youtube.com/watch?v=swgfrwDjjYE

Thanath Ruchi

Similar Posts