അടിപൊളി പിടിപ്പായസം തയ്യാറാക്കി നോക്കുന്നോ

ഈ രീതിയിൽ പിടി പായസം തയ്യാറാക്കിയാൽ ഉഗ്രൻ സ്വാദ് ആണ്. അപ്പോൾ എങ്ങിനെ ആണ് പായസം തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം അര കപ്പ് അരിപ്പൊടി മയത്തിൽ കുഴച്ചു എടുക്കണം. അതിനു വേണ്ടി മുക്കാൽ കപ്പ്‌ വെള്ളം തിളപ്പിച്ച്‌ അതിൽ അരിപ്പൊടി ചേർത്ത് നന്നായി കുഴച്ചു എടുക്കുക. പത്തിരിക്കു വേണ്ടി കുഴക്കുന്നത് പോലെ വേണം കുഴച്ചെടുക്കാൻ. വെള്ളം തിളപ്പിക്കുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർക്കുക. ഇനി ചൂട് കുറഞ്ഞു വന്നാൽ ചെറിയ ചെറിയ ഉരുളകൾ ഉണ്ടാക്കി മാറ്റി വക്കുക. രണ്ടു തേങ്ങ ചിരകി ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവ എടുത്തു വക്കണം.

ഇനി നമുക്ക് ഏത്തപ്പഴം വരട്ടി എടുക്കണം. അതിനു വേണ്ടി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ഏത്തപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കണം. വഴറ്റുമ്പോൾ രണ്ടു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കണം. പഴത്തിന്റെ കുരുവെല്ലാം മാറ്റണം. നന്നായി വഴറ്റി ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി മാറ്റി വക്കുക.

ഇനി ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് മൂന്നാം പാൽ ഒഴിച്ച് തിളപ്പിക്കുക. അതിനു ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് വേവിക്കുക. വെന്തു വരുന്ന നേരത്ത് രണ്ടാം പാൽ ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് പഞ്ചസാര ചേർത്ത് ചെറു ചൂടിൽ തിളപ്പിച്ച്‌ കൊണ്ടിരിക്കുക. നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക. ഇനി നമ്മൾ വഴറ്റിയെടുത്ത ഏത്തപ്പഴം, കാൽ സ്പൂൺ ഏലക്ക പൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒന്നു ചൂടായാൽ ഉരുളി വാങ്ങി വക്കുക. തിളക്കുവാൻ പാടില്ല. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അൽപ്പം മുന്തിരിയും, അണ്ടിപരിപ്പും ചേർത്ത് വഴറ്റുക. ശേഷം പായസത്തിൽ ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പിടി പായസം തയ്യാർ..

Thanath Ruchi

Similar Posts