അമ്പലത്തിൽ നിന്നും ലഭിക്കുന്ന നെയ്യ് പായസം അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ
വീട്ടിൽ ഉണങ്ങല്ലരി ഇരിപ്പുണ്ടോ..? എങ്കിൽ നമുക്ക് ഇപ്പോൾ തന്നെ നെയ് പായസം തയ്യാറാക്കാം. അര കപ്പ് ഉണങ്ങല്ലരിയാണ് നെയ്യ് പായസത്തിന് വേണ്ടത്.
ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. അതിനു ശേഷം അര കപ്പ് ഉണങ്ങല്ലരി ചേർത്ത് കൊടുത്തു വഴറ്റുക. നന്നായി വറുക്കേണ്ട ആവശ്യം ഇല്ല. ചെറുതായി വറുത്തു എടുത്താൽ മതിയാകും. ഇനി അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. രണ്ടു വിസിൽ അടിച്ചാൽ മതിയാകും. അരി ഒരു മുക്കാൽ വേവ് ആയാൽ മതിയാകും. അരി ചെറുതായി കടിക്കുന്നതാണ് നെയ്യ് പായസത്തിന് രുചി. ഇനി അരി വെന്ത ശേഷം വെള്ളം കൂടുതൽ ഉണ്ടെങ്കിൽ വറ്റിച്ചു എടുക്കുക.
ഇനി നമുക്ക് എട്ടു അച്ചു ശർക്കര ( മുന്നൂറു ഗ്രാം) ഉരുക്കി എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് അര ഗ്ലാസ് വെള്ളവും ശർക്കരയും ചേർത്ത് കൊടുക്കുക. ഇനി നന്നായി അരിച്ചു എടുത്തു വേവിച്ചു വച്ചിരിക്കുന്ന അരിയിലെക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ സമയത്ത് ചൂട് നന്നായി കുറച്ചു വച്ചിരിക്കണം. രണ്ടു സ്പൂൺ നെയ്യ് കൂടി ചേർത്ത് മിക്സ് ചെയ്തു എടുക്കുക. നന്നായി കുറുകി വന്നാൽ വാങ്ങി വക്കുക. അൽപ്പം ഏലക്ക പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ( വേണമെങ്കിൽ അൽപ്പം നെയ്യിൽ വറുത്തു എടുത്ത അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് കൊടുക്കാം. ) ഇനി എട്ടു ഇതൾ കൃഷ്ണ തുളസിയില കൂടി ചേർത്തു മിക്സ് ചെയ്‌താൽ അമ്പലത്തിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ നമുക്ക് നെയ് പായസം കഴിക്കാം.!
