നല്ല നാടൻ ടേസ്റ്റ് ഉള്ള കയ്പ്പക്ക ( പാവക്ക ) ഉപ്പേരി ഈ രീതിയിൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ

പാവക്ക ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും. ആളൊരു കൈപ്പനാണെങ്കിലും ആ കൈപ്പ് എല്ലാവർക്കും ഇഷ്ടമാകും. പിന്നെ കയ്പ്പക്കയുടെ പോഷക ഗുണങ്ങളെ പറ്റി ഞാൻ ഇവിടെ പറയേണ്ട ആവശ്യം ഇല്ലല്ലോ.. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ.. ! പിന്നെ ഈ ഉപ്പേരി പെട്ടെന്ന് തയ്യാറാക്കി എടുക്കാമെന്ന് ഞാൻ പറയുന്നില്ല. കാരണം സമയം എടുത്തു ചെയ്താൽ ആണ് ടേസ്റ്റ് ഉണ്ടാവുക. അപ്പോൾ നമുക്ക് എങ്ങിനെ ആണ് പാവക്ക ഉപ്പേരി തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കയ്പ്പക്ക നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറുതായി കൊത്തി അരിഞ്ഞു എടുക്കുക. ഇനി കൊത്തി അരിഞ്ഞ കയ്പ്പക്കയിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, നാലു പച്ചമുളക് അരിഞ്ഞത്, അര കപ്പ് ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത്‌, പാകത്തിന് ഉപ്പ്, രണ്ടു തണ്ട് കറിവേപ്പില, ഒരു സവാള കനം കുറച്ചു അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കൈ കൊണ്ട് തന്നെ മിക്സ്‌ ചെയ്യുക. അതിനു ശേഷം പത്തു മിനിറ്റ് അടച്ചു വക്കണം. അപ്പോഴേക്കും മിക്സ്‌ ചെയ്തത് എല്ലാം കയ്പ്പക്കയിലേക്ക് നന്നായി പിടിക്കും.

ഇനി ഒരു ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. അതിലേക്ക് ഒരു സ്പൂൺ കടുകും, നാലു വറ്റൽമുളകും ചേർത്ത് കൊടുക്കുക. കടുക് പൊട്ടി വന്നാൽ അതിലേക്ക് കയ്പ്പക്ക മിക്സ്‌ ചേർത്ത് നന്നായി വഴറ്റുക. ഇനി തീ നന്നായി കുറച്ചു വക്കണം. പാത്രം അടച്ചു വക്കരുത്. ഇനി ഇടക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. ഉപ്പേരി കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം കേട്ടോ.. പത്തു മിനിറ്റ് കഴിഞ്ഞാൽ അൽപ്പം കൂടി വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നല്ല വണ്ണം മൊരിഞ്ഞു വന്നാൽ തീ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി കയ്പ്പക്ക ഉപ്പേരി തയ്യാർ… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്. ഇത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറൊരു കറിയെ വേണ്ട.

Thanath Ruchi

Similar Posts