സൂപ്പർ ടേസ്റ്റിൽ എഗ്ഗ് നൂഡിൽസ് ഇങ്ങിനെ തയ്യാറാക്കാം; റെസ്റ്ററാൻറ്റ് രുചിയിൽ ആർക്കും ഈസിയായി ഉണ്ടാക്കാം
ഈ രീതിയിൽ തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ഉള്ള എഗ്ഗ് നൂഡിൽസ് നമുക്ക് കഴിക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നല്ലേ…? എങ്കിൽ നോക്കിക്കോളൂ..
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കണം. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. വെള്ളം തിളച്ചു വന്നാൽ അതിലേക്ക് ഇരുന്നൂറു ഗ്രാം നൂഡിൽസ് ചേർത്ത് വേവിച്ചു എടുക്കുക. വെന്തു വന്നാൽ അതിലെ വെള്ളം ഊറ്റി കളയുക. ശേഷം തണുത്ത വെള്ളം ഒഴിച്ച് കഴുകി എടുക്കണം. ( നൂഡിൽസ് തമ്മിൽ ഒട്ടി പിടിക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ്. )
ഇനി മറ്റൊരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിനു ശേഷം മൂന്നു മുട്ട ചേർത്ത് കൊടുത്ത് നന്നായി പൊരിച്ചു മാറ്റി വക്കണം. അതിനു ശേഷം രണ്ടു സ്പൂൺ ഓയിൽ കൂടി ചേർത്ത് കൊടുക്കുക. ഇനി രണ്ടു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കണം. അതിനു ശേഷം ഒരു ചെറിയ സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത്, ഒരു കാരറ്റ് നീളത്തിൽ അരിഞ്ഞത്, ഒരു ക്യാപ്സികം നീളത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം കാബേജ് നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് ഒന്നു വഴറ്റുക.
ഈ സമയത്ത് ത൭ നല്ലവണ്ണം കൂട്ടി വക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ( പച്ചക്കറികൾ അധികം വേവിക്കേണ്ട ആവശ്യം ഇല്ല. ) ഇനി അതിലേക്ക് നമ്മൾ പൊരിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. ഇനി ഒന്നര സ്പൂൺ സോയ സോസ്, രണ്ടു സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി നമ്മൾ വേവിച്ചു മാറ്റി വച്ചിരിക്കുന്ന നൂഡിൽസ് ചേർത്ത് പൊട്ടി പോകാത്ത രീതിയിൽ മിക്സ് ചെയ്തു എടുക്കണം.
ഉപ്പ് ആവശ്യമാണ് എങ്കിൽ ചേർത്ത് കൊടുക്കണം. ( രണ്ടു ഫോർക്ക് വച്ചു മുകളിലോട്ട് പൊക്കി എടുത്തു മിക്സ് ചെയ്‌തു എടുക്കുക. അപ്പോൾ പെട്ടെന്ന് പൊട്ടി പോകത്തില്ല. ) ഇനി അൽപ്പം സ്പ്രിങ് ഒനിയൻ കൂടി മുകളിൽ തൂവി നമുക്ക് ത൭ ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി എഗ്ഗ് നൂഡിൽസ് തയ്യാർ… !! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
