രണ്ടു രീതിയിൽ ചക്ക എരിശ്ശേരി ഇത് കണ്ടാൽ തീർച്ചയായും ഉപകാരപ്പെടും
ചക്കകാലം ആയാൽ പിന്നെ ഇഷ്ടം പോലെ ചക്ക കിട്ടും. അപ്പോൾ പിന്നെ ഇത് എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം അല്ലെ. അപ്പോൾ നമുക്ക് എങ്ങനെ ആണ് ചക്ക എരിശ്ശേരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
നല്ല മൂത്ത ചക്കയാണ് എരിശ്ശേരിക്ക് നല്ലത്. ആദ്യം മുപ്പതു ചക്ക ചുള എടുത്തു ചെറുതായി മുറിച്ചു ഒരു പാത്രത്തിലേക്ക് ഇടുക. അര സ്പൂൺ മഞ്ഞൾപൊടിയും, മുക്കാൽ സ്പൂൺ മുളക്പൊടിയും, പാകത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. കുക്കറിൽ ആണെങ്കിൽ ഒരു വിസിൽ അടിപ്പിച്ചാൽ മതിയാകും.
ഇനി നമുക്ക് ചക്കയിലേക്ക് ഉള്ള അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങയും, അര സ്പൂൺ ചെറിയ ജീരകവും, ഒരു പച്ചമുളകും കൂടി നന്നായി അരച്ചു എടുക്കണം. ഇനി വെന്തു വന്ന ചക്കയിലേക്ക് അരപ്പ് ചേർത്ത് ചൂടായാൽ വാങ്ങി വക്കുക. എരിശ്ശേരിയിൽ അധികം വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. കട്ടയായിട്ടാണ് ഇരിക്കേണ്ടത്.
ഇനി വറവ് ഇടണം. ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഒരു സ്പൂൺ കടുകും, രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു വറ്റൽമുളകും ചേർത്ത് വഴറ്റി കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചക്ക എരിശ്ശേരി തയ്യാർ… !!
രണ്ടാമത്തെ രീതി ചക്ക മുളക്പൊടിയും, മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് വേവിക്കുക. ഇനി തേങ്ങ അരക്കുമ്പോൾ ഒരു സ്പൂൺ പെരുംജീരകവും, അഞ്ചു അല്ലി വെളുത്തുള്ളിയും ചേർത്ത് അരക്കുക. ഇനി ഈ അരപ്പ് കറിയിൽ ചേർത്ത് ചൂടായി വന്നാൽ വാങ്ങി വക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യണം. ( ഈ രീതിയിൽ ചക്ക കറി വക്കുമ്പോൾ ഇതിലേക്ക് വറവ് ഇടേണ്ട ആവശ്യം ഇല്ല. ) ഇപ്പോൾ നമ്മുടെ അടിപൊളി ചക്ക കൂട്ടാൻ തയ്യാർ… !! ഒരു കട്ടൻ ചായയുടെ കൂടെ കഴിക്കാനും, ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ കഴിക്കാനും സൂപ്പർ ആണ് .. !!
