നല്ല ടേസ്റ്റ് ഉള്ള തേങ്ങാ വറുത്തു അരച്ച മുട്ട കറി ഇനി ചപ്പാത്തിക്കും ചോറിനും വേറെ കറി അന്വേഷിക്കേണ്ടി വരില്ല
അപ്പോൾ സമയം കളയാതെ മുട്ട കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു കോഴി മുട്ട പുഴുങ്ങി തോൽ കളഞ്ഞു വക്കണം. രണ്ടായി കട്ട് ചെയ്താലും നല്ലതാണ്. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് അര മുറി തേങ്ങ ചിരകിയതും, ഒരു തണ്ട് കറിവേപ്പിലയും, രണ്ടു ചെറിയ ഉള്ളിയും, ഒരു സ്പൂൺ പെരുംജീരകവും ചേർത്ത് ചെറിയ ചൂടിൽ നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു എടുക്കുക. ചൂട് ആറിയ ശേഷം നന്നായി അരച്ച് എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു സവാള കനം കുറച്ചു അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, രണ്ടു പച്ചമുളക് കീറിയത് ചേർത്ത് കൊടുക്കുക. ഇനി നന്നായി വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, രണ്ടു സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. പച്ചമണം മാറിയാൽ ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. രണ്ടു മിനിറ്റ് നേരം അടച്ചു വക്കണം. അപ്പോഴേക്കും തക്കാളി വെന്തു മസാല എല്ലാം നല്ല പാകത്തിന് ആയിട്ടുണ്ടാകും.
ഇനി നമുക്ക് വറുത്തു അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കാം. കറിയിൽ പാകത്തിന് അനുസരിച്ചു വെള്ളം ചേർത്ത് കൊടുക്കുക. അയ്യോ.. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ. കറി അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. ഇനി എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ അതിലേക്ക് രണ്ടു കഷ്ണമാക്കി വച്ചിരിക്കുന്ന എല്ലാ മുട്ടയും ചേർത്ത് കൊടുക്കുക. കറി തിളച്ചു തുടങ്ങിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി മുട്ട കറി തയ്യാർ… !!
