ചെമ്മീൻ തീയൽ കഴിച്ചു നോക്കിയിട്ടുണ്ടോ.. സൂപ്പർ ടേസ്റ്റ് ആണ്, ഒരിക്കലെങ്കിലും രുചിച്ചു നോക്കണം

ഇനി ചെമ്മീൻ കിട്ടുമ്പോൾ ചെയ്തു നോക്കാൻ പറ്റുന്ന അടിപൊളി റെസിപ്പി. അപ്പോൾ സമയം കളയാതെ എങ്ങിനെ ആണ് ചെമ്മീൻ തീയൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചെമ്മീൻ തൊണ്ട് കളഞ്ഞു വൃത്തിയാക്കി കഴുകി എടുക്കുക. ചെറിയ ചെമ്മീൻ ആണ് കറി വെക്കാൻ ടേസ്റ്റ്.

ഇനി അര മുറി തേങ്ങ ചിരകിയത് വറുത്തു എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് ആദ്യം അര സ്പൂൺ ഉലുവ ചേർത്ത് കൊടുക്കണം. ഒന്നു പൊട്ടി വന്നാൽ തേങ്ങാ ചിരകിയതും, രണ്ടു ചെറിയ ഉള്ളിയും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തു എടുക്കുക. തേങ്ങാ വറുക്കുമ്പോൾ ചൂട് നല്ല വണ്ണം കുറച്ചു വക്കണം. അല്ലെങ്കിൽ തേങ്ങ പെട്ടെന്ന് കരിഞ്ഞു പോകും. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് രണ്ടര സ്പൂൺ മുളക്പൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക. അതിനു ശേഷം വാങ്ങി ചൂടാറാൻ വേണ്ടി മാറ്റി വക്കുക. ചൂടാറിയ ശേഷം തേങ്ങാ അരച്ച് എടുക്കണം.

ഇനി ഒരു ചട്ടിയിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി എടുത്തു പിഴിഞ്ഞത് ചേർത്ത് കൊടുക്കണം. വാളൻ പുളിക്ക് പകരം കുടംപുളിയും ചേർക്കാം. ഇനി നമ്മൾ അരച്ച് എടുത്ത തേങ്ങ അരവ് ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർക്കുക. രണ്ടു പച്ചമുളക് കീറിയതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ചട്ടി അടുപ്പിൽ വച്ചു കറി തിളപ്പിച്ച്‌ എടുക്കണം. നന്നായി തിളച്ചു എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് കഴുകി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കണം. ഇനി വീണ്ടും തിളപ്പിക്കുക. ചെമ്മീൻ വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി അഞ്ചാറു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ബ്രൗൺ നിറം ആയാൽ കറിയിലേക്ക് ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചെമ്മീൻ തീയൽ റെഡി… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts