|

ഇന്ന് തോരൻ വക്കാൻ ഒന്നും ഇരിപ്പില്ലേ? വാഴ പൂവ് കൊണ്ട് ഒരു അസ്സൽ തോരൻ റെഡി ആക്കി എടുക്കാം

അപ്പോൾ ഈ ഐറ്റം തയ്യാറാക്കി എടുക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്ക എന്ന് നോക്കാം. രണ്ടു വാഴ പൂവ്, അര മുറി തേങ്ങാ ചിരകിയത്, രണ്ടു പച്ചമുളക് എന്നിവ ഒക്കെയാണ് പ്രധാനമായും വേണ്ടത്. ഇനി ഇത് തയ്യാറാക്കുന്ന രീതി നോക്കൂ.

ആദ്യം വാഴ പൂവിന്റെ പുറത്തുള്ള ബ്രൗൺ നിറത്തിൽ ഉള്ള എല്ലാ പോളയും വിടർത്തി കളയുക. നമുക്ക് അതിനുള്ളിൽ ഉള്ള വെളുത്ത ഭാഗം മാത്രം മതിയാകും. ( അല്ലെങ്കിൽ ചവർപ്പ് ഉണ്ടാകും. ) ഇനി അതെടുത്തു കുനു കുനെ ചെറുതായി കൊത്തി അരിഞ്ഞു എടുക്കണം. അതിനു ശേഷം വെള്ളത്തിൽ ഇട്ടു വക്കണം. ( മോരു വെള്ളത്തിൽ ഇട്ടു വച്ചാൽ കറ കളയാൻ കൂടുതൽ നല്ലതാണ്.) പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകി ഊറ്റി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ കടുകും നാലു വറ്റൽമുളകും ചേർത്ത് കൊടുക്കണം. കടുക് പൊട്ടി വന്നാൽ അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കണം. നാലു ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റുക. ഇനി നമ്മൾ കഴുകി ഊറ്റി വച്ചിരിക്കുന്ന വാഴ പൂവ് ചേർത്ത് നന്നായി വഴറ്റുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. അഞ്ചു മിനിറ്റ് അടച്ചു വക്കണം.

അപ്പോഴേക്കും ചിരകി വച്ചിരിക്കുന്ന അര മുറി തേങ്ങ ചതച്ചു എടുക്കണം. അതിനു വേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, രണ്ടു പച്ചമുളക്, രണ്ടു വെളുത്തുള്ളി, രണ്ടു ചെറിയ ഉള്ളി കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ഒന്നു ഒതുക്കി എടുക്കുക. ഇനി മൂടി തുറന്ന് അരപ്പ് വാഴ പൂവിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി അഞ്ചു മിനിറ്റ് കൂടി അടച്ചു വക്കണം. ഇനി നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക. അതിനു ശേഷം എടുത്തു ചൂടോടെ ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി വാഴ പൂവ് തോരൻ തയ്യാർ… !!

Thanath Ruchi

Similar Posts