പഴം കൊണ്ട് അടിപൊളി മോരുകറി ( പഴം പുളിശ്ശേരി ) തയ്യാറാക്കി എടുത്താലോ!

നല്ല പഴുത്ത ഒരു നേന്ത്ര പഴം ആണ് ഈ പുളിശ്ശേരിക്ക് ആവശ്യം. അസാധ്യ ടേസ്റ്റ് ആണുട്ടോ ഈ പഴം പുളിശ്ശേരിക്ക്. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ടേസ്റ്റ് ആണ് ഈ കറിക്ക്. അപ്പോൾ എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പഴുത്ത ഒരു നേന്ത്ര പഴം നാലായി മുറിച്ചു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു എടുക്കുക. ( അതിനുള്ളിൽ ഉള്ള കറുത്ത കുരു കളഞ്ഞാൽ നല്ലതാണ്. )ഇനി അതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കണം. അര സ്പൂൺ മുളക്പൊടിയും കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കണം. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ. ഇനി ഇത് അടുപ്പിൽ വച്ചു വേവിക്കുക. ( അധികം വെള്ളം ചേർത്ത് കൊടുക്കരുത്. ) പഴം വെന്തു വരുമ്പോഴേക്കും നമുക്ക് ഇതിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കണം. അര മുറി തേങ്ങയും അര സ്പൂൺ ജീരകവും, അര സ്പൂൺ കുരുമുളകും, ഒരു പച്ചമുളകും കൂടി നന്നായി അരച്ചു എടുക്കണം.

ഇനി ഈ അരപ്പ് തിളച്ചു കൊണ്ടിരിക്കുന്ന കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ടു സ്പൂൺ പഞ്ചസാരയോ, ശർക്കരയോ ചേർത്ത് കൊടുക്കണം. ( മധുരം വേണ്ടത് അനുസരിച്ചു കൂട്ടുകയോ, കുറക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഒഴിവാക്കുകയും ചെയ്യാം. ) ഇനി കറി നന്നായി തിളച്ചു വന്നാൽ അതിലേക്ക് അര കപ്പ്‌ തൈര് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്തു എടുക്കുക. തൈര് ചേർത്ത ശേഷം പിന്നെ തിളപ്പിക്കേണ്ട ആവശ്യം ഇല്ല. (തൈര് പിരിഞ്ഞു പോവും. )ഇനി ഗ്യാസ് ഓഫ് ചെയ്യുക.

ഇനി നമുക്ക് കറിയിലേക്ക് വറവ് ഇട്ടു കൊടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു വറ്റൽമുളകും ചേർത്ത് കൊടുക്കുക. അതിനു ശേഷം കാൽ സ്പൂൺ ഉലുവ പൊടിയും, കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് വേഗം തന്നെ നമ്മുടെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പഴം പുളിശ്ശേരി തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി സൈഡ് ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts