തക്കാളി കൂടുതൽ കിട്ടിയാൽ എന്തു ചെയ്യും? ഇതുപോലെ അച്ചാർ ഉണ്ടാക്കാലോ… !
കറിക്ക് പകരം ആയും ഈ അച്ചാർ നമുക്ക് ഉപയോഗിക്കാം. അപ്പോൾ എങ്ങിനെ ആണ് ഈ തക്കാളി അച്ചാർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ നല്ല പഴുത്ത തക്കാളി വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വക്കുക. വേവിക്കുമ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം കേട്ടോ..
ഇനി ഒരു ചെറുനാരങ്ങ വലുപ്പത്തിൽ പുളി കുറച്ചു ചൂടു വെള്ളത്തിൽ ഇട്ടു വക്കണം. ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഉലുവ, ഒരു സ്പൂൺ കടുക് എന്നിവ ഡ്രൈ റോസ്റ്റ് ചെയ്തു എടുക്കുക. അതിനു ശേഷം നന്നായി പൊടിച്ചു എടുക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നല്ലെണ്ണ അര കപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്നു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കണം. ഇനി കാൽ കപ്പ് മുളക്പൊടി,മുക്കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് പുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. നന്നായി തിളച്ചു വന്നാൽ വേവിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. പുളിയും തക്കാളിയും കൂടി നന്നായി വെന്തു കുറുകി വരണം.
ഇനി പൊടിച്ചു വച്ചിരിക്കുന്ന പൊടിയും, കായം പൊടിയും ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തു എടുക്കുക. തിളച്ചു കുറുകി വന്നാൽ വാങ്ങി വക്കണം. ഇനി ചൂടാറിയ ശേഷം ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കണം. ഇതിൽ നമ്മൾ പ്രിസെർവേറ്റീവ്സ് ഒന്നും ചേർത്ത് കൊടുക്കുന്നില്ല അതു കൊണ്ട് ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു വെക്കുന്നതാണ് നല്ലത്. ഇപ്പോൾ നമ്മുടെ അടിപൊളി തക്കാളി അച്ചാർ റെഡി… !!
