വളരെ എളുപ്പത്തിൽ എണ്ണയും നെയ്യും ചേർക്കാതെ ഒരു അടിപൊളി വെജ് ബിരിയാണി

ഇടക്കൊക്കെ ബിരിയാണി കഴിക്കാൻ തോന്നുന്നവർക്ക് പറ്റിയ ഒരു ഐറ്റം ആണിത്. അതുപോലെ നെയ്യും എണ്ണയും കഴിക്കാൻ പറ്റാത്തവർക്കും പരീക്ഷിച്ചു നോക്കാൻ പറ്റുന്ന അടിപൊളി വിഭവം ആണിത്. അപ്പോൾ നമുക്ക് ഈ അടിപൊളി ഐറ്റം എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ്‌ ബസ്മതി അരി നന്നായി കഴുകി ഊറ്റി എടുക്കുക. ഇനി ഒരു പാത്രത്തിൽ പാകത്തിന് വെള്ളം തിളപ്പിക്കാൻ അടുപ്പിൽ വക്കണം. അതിലേക്ക് പാകത്തിന് ഉപ്പ്, ഒരു കഷ്ണം പട്ട, നാലു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഒരു നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കണം. വെള്ളം നന്നായി തിളച്ചു വന്നാൽ കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കണം. ഇനി അരി വെന്തു വന്നാൽ വെള്ളം ഊറ്റി മാറ്റി വക്കണം.

ഇനി ഒരു പാനിലേക്ക് രണ്ടു കാരറ്റ് ചെറുതായി അരിഞ്ഞത്, ഒരു സവാള അരിഞ്ഞത്, എട്ടു ബീൻസ് ചെറുതായി അരിഞ്ഞത്, ഒരു തക്കാളി അരിഞ്ഞത്, ഒരു തുടം വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, നാലു പച്ചമുളക് ഇവ മൂന്നും കൂടി ചതച്ചത് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചു എടുക്കണം. ബാക്കിയുള്ള വെള്ളം വറ്റിച്ചു എടുക്കണം. ഇനി അതിലേക്ക് രണ്ടു സ്പൂൺ ബിരിയാണി മസാലയും, അര മുറി തേങ്ങ ചിരകിയതും, കുറച്ചു മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി ഗ്യാസ് ഓഫ്‌ ചെയ്യണം. തേങ്ങ ചേർക്കാൻ മറക്കരുത്. തേങ്ങ ആണ് നമ്മുടെ ബിരിയാണിക്ക് ടേസ്റ്റ് കൊടുക്കുന്നത്.

ഇനി നമുക്ക് ബിരിയാണി മിക്സ്‌ ചെയ്തു എടുക്കാം. ആദ്യം വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കണം. അതിനു ശേഷം നമ്മൾ തയ്യാറാക്കിയ മസാലയും, കുറച്ചു പൈനാപ്പിൾ കഷണങ്ങളും ചേർത്ത് കൊടുക്കണം. അതിനു മുകളിൽ ചോറ് ചേർത്ത് കൊടുക്കണം. ഇനി ചോറും മസാലയും തീരുന്നത് വരെ ഇങ്ങനെ മിക്സ്‌ ചെയ്തു എടുക്കുക. മുകളിൽ ആയി അൽപ്പം മല്ലിയില പുതിനയില എന്നിവ ചേർത്ത് കൊടുക്കുക. ഇനി നന്നായി മൂടി വച്ചു അൽപ്പം നേരം ദം ചെയ്തു എടുക്കണം. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ വെജ്. ബിരിയാണി തയ്യാർ… !! നല്ല അച്ചാറും, സാലടും, പിന്നെ പപ്പടവും കൂടി ഉണ്ടെങ്കിൽ ഉഷാറാവും.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →