ചിക്കൻ തോരൻ ഇങ്ങിനെ ചെയ്തു നോക്കിയിട്ടുണ്ടോ? അപാര രുചിയാണ്
ഇതൊരു നാടൻ ഡിഷ് ആണ്. നമ്മൾ പച്ചക്കറി തോരൻ തയ്യാറാക്കുന്നത് പോലെ സിംപിൾ ആണ് ചിക്കൻ തോരൻ. അധികം മസാലകളില്ലാത്ത ഒരു ചിക്കൻ തോരൻ. അപ്പോൾ നമ്മുടെ ചിക്കൻ തോരൻ റെഡിയാക്കി എടുക്കുന്നതിനു അര കിലോ എല്ലില്ലാത്ത ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി നമുക്ക് ഈ ചിക്കൻ വേവിച്ചു എടുക്കണം. അതിനു വേണ്ടി ചിക്കനിലെക്ക് അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, ഒരു പച്ചമുളക്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് കുക്കറിലേക്ക് മാറ്റി വേവിക്കാൻ വക്കണം. വേണമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർത്ത് കൊടുക്കാം. വെള്ളം ചിക്കനിൽ തന്നെ ഉണ്ടാകും. ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. വെന്തു വരുമ്പോൾ ചിക്കനിൽ വെള്ളം ഉണ്ടെങ്കിൽ ഒന്നു കൂടി തിളപ്പിച്ച് വെള്ളം വറ്റിച്ചു എടുക്കാം.
ഇനി നമുക്ക് ചിക്കനിലെക്ക് വറവ് ഇടാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. ചൂടായാൽ ഇരുന്നൂറ്റി അമ്പത് ഗ്രാം ചെറിയ ഉള്ളി ചതച്ചത് ചേർത്തു നന്നായി വഴറ്റുക. നിറം മാറി തുടങ്ങിയാൽ വറ്റൽമുളക് ചതച്ചത് മൂന്നു സ്പൂൺ ചേർത്തു കൊടുക്കുക. നന്നായി വഴറ്റുക. അതിനു ശേഷം ഒരു സ്പൂൺ കാശ്മീരി മുളക്പൊടിയും, അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്തു നന്നായി വഴറ്റുക. ഇപ്പോൾ രണ്ടു സ്പൂൺ തേങ്ങാ ചിരകിയതും ചേർത്തു കൊടുക്കുക. ഇനി നാലു തണ്ട് കറിവേപ്പിലയും രണ്ടു പച്ചമുളകും കൂടി ചേർത്തു ഒന്നു കൂടി വഴറ്റുക. നന്നായി വഴറ്റി പച്ചമണം മാറി വരുമ്പോൾ നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കണം. വെളിച്ചെണ്ണ ആവശ്യമാണെങ്കിൽ ഒഴിച്ച് കൊടുക്കുക. ഇനി പത്തു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം മൂടി തുറന്ന് ഒരു തണ്ട് കറിവേപ്പില കൂടെ ഇട്ടു നന്നായി മിക്സ് ചെയ്‌താൽ നമ്മുടെ അടിപൊളി ചിക്കൻ തോരൻ റെഡി.. ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
