നുറുക്ക് ഗോതമ്പു ഉപ്പുമാവ് തീരെ ശരിയാകുന്നില്ലേ? പെർഫെക്ട് ആയി തയ്യാറാക്കാൻ ഇങ്ങിനെ ചെയ്യാം

ചിലർക്ക് നുറുക്ക് ഗോതമ്പു ഉപ്പുമാവ് എപ്പോൾ തയ്യാറാക്കിയാലും കുഴഞ്ഞു പോകുന്നു എന്ന പരാതിയാണ്. നിങ്ങൾ ഈ രീതിയിൽ ഒന്നു ട്രൈ ചെയ്തു നോക്കൂ. ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് നന്നായി കഴുകിയ ശേഷം അതു നികക്കെ വെള്ളം ഒഴിച്ച് കുതിർക്കാൻ വെക്കണം. മുപ്പതു മിനിറ്റ് കുതിർത്താൽ മതിയാകും. അതിനു ശേഷം ഒരു കുക്കർ എടുത്തു ഗോതമ്പ് അതിലേക്ക് പകർത്തുക. ഇനി ഗോതമ്പിന്റെ അതേ ലെവലിൽ വെള്ളം ഒഴിക്കുക. കൂടുകയും കുറയുകയും ചെയ്യരുത്. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് കുക്കർ മൂടി അടുപ്പിലേക്ക് വക്കണം. ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം തീ ഓഫ്‌ ചെയ്യണം.

കുക്കറിലെ പ്രഷർ എല്ലാം തന്നെ പോയ ശേഷം കുക്കർ തുറന്ന് നോക്കുക. ഗോതമ്പ് കറക്റ്റ് വേവ് ആയി വന്നിട്ടുണ്ടാകും. വെള്ളം കൂടുതലായി ഉണ്ടാകില്ല. ഗോതമ്പ് വിട്ടു വിട്ടു തമ്മിൽ ഒട്ടാതെ നിൽക്കുന്നത് കാണാം. ഇനി നമുക്ക് ഇതിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ചൂടായ ശേഷം അതിലേക്ക് രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇനി ഒരു സ്പൂൺ ഉഴുന്നു പരിപ്പ് ചേർത്തു കൊടുക്കണം. ഇനി മൂന്നു വറ്റൽമുളകും, കറിവേപ്പിലയും കൂടി ഇട്ടു വഴറ്റുക. അതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഒരു കാരറ്റ് ഗ്രെറ്റ് ചെയ്തു അതിലേക്ക് ചേർക്കുക. ഒന്നു വഴറ്റിയ ശേഷം അതിലേക്ക് നമ്മൾ വേവിച്ചു മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് ചേർത്തു കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. അവസാനമായി ഒരു മുറി തേങ്ങ ചിരകിയത് കൂടി ചേർത്തു നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി നമ്മുടെ ഉപ്പുമാവ് അടുപ്പിൽ നിന്ന് വാങ്ങി വക്കാം. ഇപ്പോൾ സ്വാദിഷ്ടമായ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് റെഡി.

Thanath Ruchi

Similar Posts