റെസ്റ്റോറന്റ് സ്റ്റൈലിൽ കിടിലൻ ചിക്കൻ 65, ഇതിന്റെ രുചി ഒന്ന് വേറെ തന്നെ

അടിപൊളി ചിക്കൻ 65 നമുക്കും വീട്ടിൽ തയ്യാറാക്കാമെന്നേ…!! അതിനുവേണ്ടി ഒരു കിലോ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ മസാല പുരട്ടി വക്കണം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ ഗരം മസാല, രണ്ടു നുള്ള് ജീരകപൊടി, ഒരു ചെറു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ തൈര്, കാൽ കപ്പ്‌ കോൺഫ്ലോർ, രണ്ടു സ്പൂൺ അരിപ്പൊടി,ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ചിക്കൻ കഷണങ്ങൾ അതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്യുക. ആവശ്യമാണെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇനി ഇത് അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി ഫ്രിഡ്ജിൽ വക്കണം.

അര മണിക്കൂർ കഴിഞ്ഞാൽ ഇത് വറുത്തു എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഓയിൽ ഒഴിച്ച് ഇതെല്ലാം നന്നായി വറുത്തു കോരി മാറ്റി വക്കുക. വറുക്കുമ്പോൾ ചെറിയ ചൂടിൽ വറുക്കാൻ ശ്രദ്ധിക്കണം. ഇനി നമുക്ക് ഇതിലേക്കു ആവശ്യമായ ഒരു സോസ് റെഡി ആക്കാം. അതിനുവേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. ഇനി അതിലേക്ക് ഇരുപത് വെളുത്തുള്ളിയും, പത്തു വറ്റൽ മുളകും കൂടി ഇട്ടു നന്നായി വഴറ്റുക. ശേഷം കോരി ഒരു മിക്സിയിൽ ഇട്ടു അര മുറി നാരങ്ങ നീരും കൂടി ചേർത്തു നന്നായി അരച്ച് എടുക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഒരു പിടി കറിവേപ്പിലയും, നാലു പച്ചമുളക് കീറിയത് കൂടി ഇട്ടു വഴറ്റുക. ഇനി നമ്മൾ അരച്ച് വച്ചിരിക്കുന്ന ചില്ലി ഗാർലിക് പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയ ശേഷം കാൽ ഗ്ലാസ്‌ വെള്ളം ഒഴിച്ച് കൊടുക്കണം. ഇപ്പോൾ ഇതിലേക്ക് മാത്രം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇപ്പോൾ വേണമെങ്കിൽ ഒരു തുള്ളി റെഡ് ഫുഡ്‌ കളർ ചേർക്കാം.നിർബന്ധം ഇല്ല. നന്നായി തിളച്ച ശേഷം നമ്മൾ വറുത്തു എടുത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ 65 റെഡി. ഇനി വറുത്തു എടുത്ത പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു ചൂടോടെ സെർവ് ചെയ്യാം.

Thanath Ruchi

Similar Posts