കയ്പ്പക്ക പച്ചടി ഇങ്ങിനെ തയ്യാറാക്കി നോക്കിയിട്ടുണ്ടോ, അടിപൊളി ടേസ്റ്റ് ആണ്
ആദ്യം ഒരു കയ്പ്പക്ക വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി അരിഞ്ഞു വക്കണം. ഇനി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടായ ശേഷം ഈ അരിഞ്ഞു വച്ചിരിക്കുന്ന കയ്പ്പക്ക ഇട്ട് കൊടുത്തു നന്നായി വറുത്തു കോരുക. നല്ല ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു എടുക്കണം. ഇനി ഇത് മാറ്റി വക്കണം.
ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കി എടുക്കണം. അതിനു വേണ്ടി ഒരു മുറി തേങ്ങാ ചിരകി വക്കണം. അതിലേക്ക് ഒരു സ്പൂൺ കടുകും, രണ്ടു പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി നന്നായി അരച്ചു എടുക്കുക. അതും മാറ്റി വക്കുക.
ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടാൻപോകുകയാണ്. ഒരു പാൻ വച്ചു രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. അതിനുശേഷം രണ്ടു വറ്റൽമുളകും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ട് താളിച്ചു അതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ അരപ്പും ഒരു കപ്പ് പുളി കുറഞ്ഞ തൈരും കൂടി ചേർത്ത് ചൂടാക്കുക. അര ഗ്ലാസ് വെള്ളം ചേർത്താൽ മതിയാകും. ഈ സമയത്തു ഉപ്പ് ചേർക്കുവാൻ മറക്കരുത്. ഇനി കറി തിളപ്പിക്കുവാൻ പാടില്ല. ചൂടായ ശേഷം നമ്മൾ വറുത്തു വച്ചിരിക്കുന്ന കയ്പ്പക്ക കൂടി കറിയിലേക്ക് ചേർത്തു കറി വാങ്ങി വക്കുക. ഈ കറി അൽപ്പം കട്ടയായിട്ടാണ് ഇരിക്കേണ്ടത്. അതുകൊണ്ട് അധികം വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ഈ കറിയിൽ നമ്മൾ പൊടികൾ ഒന്നും തന്നെ ചേർക്കുന്നില്ല. എരിവിന് അനുസരിച്ചു പച്ചമുളക് ചേർത്ത് അരക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കയ്പ്പക്ക പച്ചടി റെഡി.
