സദ്യയിലെ കേമനായ പരിപ്പ് പ്രഥമൻ ഇങ്ങിനെ തയ്യാറാക്കിയിട്ടുണ്ടോ

മുന്നൂറു ഗ്രാം ചെറുപയർ പരിപ്പ് ആണ് ഈ പായസത്തിലേക്ക് ആവശ്യം. ആദ്യം ഇതിലെ പകുതി പരിപ്പ് നമുക്ക് നന്നായി വറുത്തു എടുക്കണം. നല്ല ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു എടുക്കണം. പകുതി പരിപ്പ് വറുക്കേണ്ട ആവശ്യം ഇല്ല. പകുതി വറുത്തു എടുത്താൽ പായസത്തിന് നല്ല കളറും, കുറേശ്ശേ കടിക്കാനും ഉണ്ടാകും. അതേ സമയം വറുക്കാത്ത പരിപ്പ് നന്നായി വെന്തു പായസം കുറുകി വരാൻ സഹായിക്കുകയും ചെയ്യും. ഇനി ഈ പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം രണ്ടു ഗ്ലാസ്‌ വെള്ളം ചേർത്ത് കുക്കറിൽ മുഴുവനായി വേവിച്ചു എടുക്കുക. രണ്ടു വിസിൽ അടിച്ചാൽ മതിയാകും.

ഇനി മൂന്നു തേങ്ങ ചിരകി എടുക്കുക. അതിനു ശേഷം ആദ്യം വെള്ളം ചേർക്കാതെ പാൽ പിഴിഞ്ഞ് എടുക്കുക. ഇത് ഒന്നാം പാൽ ആണ്. ഇത് മാറ്റി വക്കണം. ഇനി ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് പാൽ നന്നായി പിഴിഞ്ഞു എടുക്കുക. ഇത് രണ്ടാം പാൽ. അതും മാറ്റി വക്കുക. ഇനി നമുക്ക് മുക്കാൽ കിലോ ശർക്കര ഉരുക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് ശർക്കര ഇട്ട ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു എടുക്കുക. അതും മാറ്റി വക്കുക.

ഇനി ഒരു ഉരുളി അടുപ്പിൽ വച്ച ശേഷം വേവിച്ചു എടുത്ത പരിപ്പ് അതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി തിളച്ച ശേഷം ശർക്കര പാനി ചേർത്ത് കൊടുക്കുക. ഈ സമയത്തു രണ്ടു സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം. അല്ലെങ്കിൽ അടിയിൽ പിടിക്കും. നന്നായി വറ്റി വരുമ്പോൾ അതിലേക്ക് രണ്ടാം പാൽ ചേർത്ത് കൊടുക്കുക. ഇനിയും നിർത്താതെ തന്നെ ഇളക്കി കൊണ്ടിരിക്കണം. നമ്മുടെ പായസം നല്ലവണ്ണം തിളച്ചു കുറുകി വന്നാൽ ഒന്നാം പാൽ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഉരുളി വാങ്ങി വക്കുക. ഒന്നാം പാൽ ചേർത്താൽ പിന്നെ പായസം തിളയ്ക്കുവാൻ അനുവദിക്കരുത്. ഇനി പായസത്തിലേക്ക് ഒരു സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. ഇനി നമുക്ക് ഇതിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ വച്ചു രണ്ടു സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരുപിടി മുന്തിരിയും, ഒരു പിടി അണ്ടിപ്പരിപ്പും കൂടി ഇട്ട് വറുത്തു കോരി നമ്മുടെ പായസത്തിലേക്ക് ഇട്ടു കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി പരിപ്പ് പ്രഥമൻ റെഡി.

Thanath Ruchi

Similar Posts