തട്ടുകട സ്റ്റൈലിൽ സ്പെഷ്യൽ കപ്പ ബിരിയാണി റെഡി ആക്കാം എളുപ്പത്തിൽ

ആദ്യം ഒരു കിലോ ബീഫ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ വിനിഗർ, രണ്ടു സ്പൂൺ വെളിച്ചെണ്ണ, രണ്ടു പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി കൈ കൊണ്ടു ഞെരടി പിടിപ്പിക്കുക. ഇനി ഇത് അര മണിക്കൂർ റെസ്റ് ചെയ്യാൻ വക്കണം. അതിനു ശേഷം കുക്കറിൽ അര ഗ്ലാസ്‌ വെള്ളം ചേർത്ത് നാലു വിസിൽ വരുന്ന വരെ നന്നായി വേവിച്ചു എടുക്കുക.

ഇനി നമുക്ക് കപ്പ വേവിച്ചു എടുക്കണം. ഒരു കിലോ കപ്പ തോൽ കളഞ്ഞു വൃത്തിയാക്കി കഴുകി എടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചു എടുക്കുക. കപ്പ പുഴുങ്ങു മ്പോൾ കാൽ സ്പൂൺ മഞ്ഞൾപൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്. കപ്പ നന്നായി വെന്തു വന്നാൽ വെള്ളം ഊറ്റി കളഞ്ഞ ശേഷം നന്നായി ഉടച്ചു വക്കുക.

ഇനി ഇതിലേക്ക് ആവശ്യമായ മസാല റെഡി ആകണം. അതിനുവേണ്ടി വലിയ ഒരു പാൻ അടുപ്പിൽ വച്ച ശേഷം നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇനി നാലു സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില ചേർക്കുക. സവാള ബ്രൗൺ നിറം ആയി തുടങ്ങിയാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മീറ്റ് മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടിയുടെ പച്ചമണം മാറിയാൽ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തു കൊടുക്കുക. അര ഗ്ലാസ്‌ ചൂടു വെള്ളം കൂടി ചേർത്തു നന്നായി മിക്സ് ചെയ്തു എടുക്കുക. ഉപ്പിന്റെ പാകം നോക്കാൻ മറക്കരുത്. ബീഫിൽ കുറച്ചു വെള്ളം ഉണ്ടാകണം. അപ്പോഴാണ് കപ്പ ചേർക്കുമ്പോൾ വെള്ളം കറക്റ്റ് ആകുകയുള്ളൂ. ബീഫ് നന്നായി മിക്സ് ആയി എണ്ണ തെളിഞ്ഞു വരുന്ന സമയത്ത് നമുക്ക് അതിനു മുകളിലേക്ക് കപ്പ പുഴുങ്ങി ഉടച്ചു വച്ചിരിക്കുന്നത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇനി രണ്ടു സ്പൂൺ കുരുമുളക് പൊടി മുകളിൽ ഇട്ടു കൊടുക്കുക. ലാസ്റ്റ് അതിനു മുകളിലേക്ക് അൽപ്പം മല്ലിയിലയും കറിവേപ്പിലയും സവാള ചെറുതായി അരിഞ്ഞതും ചേർത്തു വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി റെഡി.

Thanath Ruchi

Similar Posts